നിപ നിയന്ത്രണങ്ങളിൽ ഇളവ്; കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ രാത്രി 8 വരെ തുറക്കാം
കോഴിക്കോട്: നിപ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആണ് ഇളവ് വരുത്തിയത്. നിപ പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ, വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ എന്നിവിടങ്ങളിലെ കണ്ടെയിൻമെൻറ് സോണുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ഇവിടങ്ങളിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ നിപ്പ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെയും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. മാസ്ക് , സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആളുകൾ കൂട്ടം കൂടുന്നത് കർനമായി നിയന്ത്രിക്കുകയും വേണം.
മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.
സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയേണ്ടതുമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഇന്ന് ലഭിച്ച ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ നിപ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേരാണ്.
ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications