ദുരിതബാധിതർക്ക് ആശ്വാസം; ചൂരൽമല ശാഖയിലെ വായ്‌പകൾ എഴുതിത്തള്ളി, നടപടിയുമായി കേരള ബാങ്ക്
വയനാട്: ഉരുൾപൊട്ടൽ ബാധിതകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളിയതായി പ്രഖ്യാപിച്ചു. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്‌പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്‌തുവകകളും നഷ്‌ടപ്പെട്ടവരുടെയും മുഴുവൻ വായ്‌പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചത്.
6,65,000 രൂപയുടെ ബാധ്യതകളാണ് ആദ്യഘട്ടത്തിൽ എഴുതിത്തള്ളുക. പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്‌പകളാണ് എഴുതിത്തള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണമായും നഷ്‌ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്‌പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരിക്കുന്നത്.

മറ്റ് ശാഖകളിൽ വായ്‌പ ഉള്ള ഉപഭോക്താക്കളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അവർക്കും സമാനമായ സഹായം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കേരള ബാങ്ക് സംഭാവന നൽകിയിരുന്നു. 50 ലക്ഷം രൂപയായിരുന്നു നൽകിയത്. കൂടാതെ ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
നേരത്തെ ദുരന്ത ബാധിതരുടെ വായ്‌പ മോറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു. വായ്‌പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 30ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ 427 മൃതദേഹങ്ങളാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇനിയും 130 പേരെയോളം കണ്ടെത്താനുണ്ട്. അതിനുള്ള തിരച്ചിൽ സന്നദ്ധ സംഘടനകളുടെയും മറ്റ് ഏജൻസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.
ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്. ദുരന്തം നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ നൂറിലധികം വീടുകളാണ് തകർന്നത്. ഇതോടെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് കഴിയാൻ താൽക്കാലിക വാടക വീടുകൾ സജ്ജമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കൂടാതെ ക്യാമ്പിൽ കഴിയുന്നവർക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും സർക്കാർ അനുവദിച്ചിരുന്നു.












Click it and Unblock the Notifications