'ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു', വിമർശനവുമായി എംഎ ബേബി
തിരുവനന്തപുരം: ക്രൈസ്തവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബിജെപി. അതിന്റെ ഭാഗമായി മലയാറ്റൂർ മല കയറാൻ പോയി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടായ എഎൻ രാധാകൃഷ്ണൻ.
മല കയറ്റത്തിന് ന്യൂനപക്ഷ മോർച്ച നേതാക്കൾക്കൊപ്പമിറങ്ങിയ എഎൻ രാധാകൃഷ്ണൻ തീർത്ഥാടന പാതയിലെ ഒന്നാം സ്ഥലത്ത് വെച്ച് തന്നെ തിരിച്ചിറങ്ങിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയ ബിജെപി നേതാവിനെ പൊങ്കാലയിട്ടു. പിന്നാലെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത് വന്നിരിക്കുകയാണ്.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്: 'ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു. കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർഎസ്എസുകാർ ഇന്ന് സന്ദർശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആർഎസ്എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരിൽ മലകയറാൻ ആർഎസ്എസ് നേതാവ് എഎൻ രാധാകൃഷ്ണൻ പോയിരുന്നു. മുന്നൂറ് മീറ്റർ നടന്നു തിരിച്ചും പോയി.
ഭൂരിപക്ഷമതത്തിൻറെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയാണ് ആർ എസ്സ് എസ്സ് എന്ന് ആർക്കാണ് അറിയാത്തത്? ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴും എന്ന് ആർഎസ്എസുകാർ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്.
മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം. ഇവർ പറയുന്ന പോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർഎസ്എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും , ആർഎസ്എസുകാരെ ഒരിക്കലും സഹകരിക്കാൻ പറ്റാത്തവരായി കണക്കാക്കും എന്നതിൽ സംശയമില്ല'.












Click it and Unblock the Notifications