സ്വര്‍ണക്കൊള്ളക്കേസ് വഴിത്തിരിവിലേക്ക്...! ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന് മൊഴി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമായ വഴിത്തിരിവിലേക്ക്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന് വ്യക്തമാക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ് ഐ ടിക്ക് നല്‍കിയ മൊഴിയില്‍ ഒരു വ്യവസായിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ വ്യവസായിയുടെ മൊഴിയില്‍ നിന്നാണ് ശബരിമലയിലെ വിഗ്രഹങ്ങള്‍ കടത്തിയതായി വിവരം ലഭിച്ചത്.
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായാണ് വ്യവസായി മൊഴി നല്‍കിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണ് ഇത് വാങ്ങിയിരിക്കുന്നത്. 2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നത്. എ പത്മകുമാറും എന്‍ വാസുവുമായിരുന്നു ഇക്കാലത്ത് ദേവസ്വം പ്രസിഡന്റുമാര്‍. നിലവില്‍ രണ്ട് പേരും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയിലിലാണ്.

സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമായിരിക്കാം എന്നും പൊലീസ് കരുതുന്നു. 2020 ഒക്ടോബര്‍ 26 ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറി. ഡി മണി നേരിട്ടെത്തി പണം നല്‍കി എന്നാണ് വ്യവസായിയുടെ മൊഴി.
ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് പണം വാങ്ങിയത് എന്നാണ് വിവരം. പണം കൈപ്പറ്റുമ്പോള്‍ ഇയാളും പോറ്റിയും ഡി മണിയും മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഡി മണി ആരാണെന്ന് കണ്ടെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുതയാണ് പ്രത്യേക അന്വേഷണ സംഘം. ശ രിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ 500 കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാം രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനയേയും അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയത് എന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ പോറ്റി വഴി നല്‍കിയത് ഒന്നരക്കോടി രൂപയാണ്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോര്‍ഡിന് പണം നല്‍കി എന്നാണ് കണ്ടെത്തല്‍.
സ്വര്‍ണകൊള്ള എഫ്എസ്എല്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. വിഎസ്എസ്‌സിയുടെ സഹായത്തോടെയാണ് സ്വര്‍ണത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുന്നത്. അതിനിടെ സ്വര്‍ണ്ണക്കൊള്ളയില്‍ ഇഡിയും അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സിബിഐയും അന്വേഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications