Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്വര്‍ണപ്പാളിക്കൊള്ള: പോറ്റി അറസ്റ്റില്‍.. ആരൊക്കെ ഇനി കുടുങ്ങും? അറിയേണ്ടതെല്ലാം

പ്രമാദമായ ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു. പ്രസ്തുത കേസിലെ ആദ്യ അറസ്റ്റാണ് പോറ്റിയുടേത്. സ്‌പോണ്‍സര്‍ വേഷം കെട്ടി ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തി എന്ന കുറ്റമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മേല്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് സംഭവങ്ങളും പ്രത്യേക കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണപ്പാളി കവര്‍ച്ച കേസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി ആറാം ദിവസമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടപടി.

Sabarimala Gold Theft

എന്താണ് സ്വര്‍ണപ്പാളി കവര്‍ച്ചാ കേസ്?

ശബരിമല ശ്രീകോവിലിന്റെ മുന്‍വശത്ത്, ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലെ ചെമ്പ് പാളികളില്‍ സ്വര്‍ണം പൂശുന്നതില്‍ ഉണ്ടായ നഷ്ടങ്ങളും ക്രമക്കേടുകളും പുറത്തുവന്നതാണ് കേസിന്റെ പശ്ചാത്തലം. ദ്വാരപാലക ശില്‍പങ്ങളിലെയും കട്ടിളപാളിയിലേയും സ്വര്‍ണം നഷ്ടപ്പെട്ടെന്നും ഇത് മോഷണവും വിശ്വാസവഞ്ചനയും ക്രിമിനല്‍ ക്രമക്കേടുമാണെന്നും ഹൈക്കോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്.

ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍, കോടതിയുടെ അനുമതിയില്ലാതെയും നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലാതെയും അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയി എന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി വിഷയത്തില്‍ സജീവമായി ഇടപെടുന്നത്. 1999 ല്‍ ആണ് വ്യവസായി വിജയ് മല്ല്യ സംഭാവന ചെയ്ത 30 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ച് ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണം പൊതിഞ്ഞത്.

പിന്നീട് 2019 ല്‍ തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സര്‍ക്ക് സ്വര്‍ണം പൂശാനായി ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൈമാറുകയായിരുന്നു. പോറ്റിക്ക് കൈമാറുമ്പോള്‍ ഇവയുടെ തൂക്കം 42.8 കിലോഗ്രാം ആയിരുന്നു. എന്നാല്‍ സ്വര്‍ണം പൂശാനായി പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ തൂക്കം 38.258 കിലോ ആയി കുറഞ്ഞു.

Sabarimala Gold Theft

സ്വര്‍ണം പൂശിക്കഴിഞ്ഞപ്പോള്‍ ഭാരം 38.653 കിലോ ആയി. എന്നാല്‍ തനിക്ക് കൈമാറിയത് സ്വര്‍ണം പൊതിഞ്ഞ പാളികളല്ല, ചെമ്പ് പാളികളാണെന്നാണ് ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ വാദം. ഇതിനെല്ലാം പുറമെ ശബരിമലയിലെ വിലപ്പെട്ട വസ്തുക്കള്‍ ക്രയവിക്രയം നടത്തുമ്പോള്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ല എന്നും ആക്ഷേപമുയര്‍ന്നു. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഉദ്യോഗസ്ഥന്‍ തിരുവാഭരണം കമ്മീഷണറാണ്.

എന്നാല്‍ ഈ നടപടിയില്‍ അദ്ദേഹത്തിന്റെ അഭാവവും പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യവും ഉണ്ടായി. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളില്‍ സ്വര്‍ണം പൂശുന്നത് അതായത്, ഇലക്ട്രോപ്ലേറ്റിങ് നടത്തുന്നത് ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെയായിരിക്കണം എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചട്ടം. ഇത് പോലും അവഗണിച്ചാണ് പോറ്റിക്ക് കൈമാറിയത്.

ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?

തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം. ഈ പ്രവൃത്തി പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തുന്നത്. ശബരിമലയിലെ മുഖ്യ പൂജാരിയുടെ സഹായിയായിരുന്ന പോറ്റി. എന്നാല്‍ കണ്ണടച്ച് തുറക്കുന്ന നേരത്തിലാണ് പോറ്റി ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും രാഷ്ട്രീയനേതാക്കളുടേയും സ്വന്തം ആളായി മാറുന്നത്.

Sabarimala Gold Theft

കര്‍ണാടകയിലെ വ്യവസായ ഭീമന്‍മാരേയും സമ്പന്നരെയും ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പോറ്റി മാറി. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നല്‍കിയത് എന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ സമര്‍പ്പിച്ചുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്ന താങ്ങുപീഠങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെടുത്തിരുന്നു.

കേസ് പ്രത്യേക അന്വേഷണ സംഘത്തിലേക്ക്

രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടാക്കിയതിനാല്‍ തന്നെ ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിന് വലിയ പ്രാധാന്യമുണ്ട്. ശബരിമല ശില്‍പ്പങ്ങളിലെ സ്വര്‍ണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്നത് തന്നെയാണ് എസ്‌ഐടിക്ക് മുന്നിലുള്ള വലിയ ഉത്തരവാദിത്തം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍ും നടത്തിയ ഇടപാടുകളില്‍ ആരൊക്കെ പങ്കാളികളായി എന്ന് കണ്ടെത്തേണ്ടതുണ്ട്.

474 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് തിരിച്ച് നല്‍കിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍ നല്‍കിയ മൊഴി. എന്നാല്‍ 11 ഗ്രാം സ്വര്‍ണം കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയ്യില്‍ അധികമായി ഉണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. പോറ്റി സ്വര്‍ണം കൈമാറിയത് ബെംഗളൂരു സ്വദേശി കല്‍പേഷിനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് 989.8 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.

Sabarimala Gold Theft

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം

കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പോറ്റിയുടെ മൊഴി. നടന്നത് വന്‍ ഗൂഢാലോചനയാണ് എന്നും ഇതിന്റെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നുമാണ് പോറ്റി പറയുന്നത്. തന്നെ കുടുക്കിയവര്‍ നിയമനത്തിന് മുന്നില്‍ വരുമെന്നും പോറ്റി പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

എസ്‌ഐടി റിപ്പോര്‍ട്ട്

സ്വര്‍ണം പൂശല്‍ നടപടിയുടെ മറവില്‍ 2 കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷനും പങ്കുണ്ട്. ഒക്ടോബര്‍ 30 വരെയാണ് പോറ്റിയെ കോടതി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടത്.

സ്വര്‍ണപ്പാളി ആര്‍ക്ക് കൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇനി നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയാകും അടുത്തഘട്ടം. ഒപ്പം ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ബോര്‍ഡ് ഭരണസമിതിയിലേക്കും പോറ്റിയുടെ സഹായി കല്‍പേഷ് തുടങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്, 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയില്‍ ഇതിന് അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടായിരിക്കും എന്നാണ് വിലയിരുത്തല്‍.

മറ്റ് പ്രതികള്‍

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒമ്പത് പേര്‍ പ്രതികളാണ്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പ്രതികളാണുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയാണ് പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+