ഡിസംബര്‍ 1 മുതല്‍ ശമ്പളം കൂട്ടും, 2000 രൂപ പെന്‍ഷന്‍ നവംബര്‍ 27 മുതല്‍; ധനവകുപ്പ് നേരിട്ട് വിതരണം ചെയ്യും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പെന്‍ഷനും ശമ്പള വര്‍ധനവും അടക്കമുള്ളവ നല്‍കാന്‍ ധനവകുപ്പ് ഒരുക്കം തുടങ്ങി. ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ ഇവയെല്ലാം വിതരണം ചെയ്യാനാണ് ധന വകുപ്പ് ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും മറ്റ് വകുപ്പുകളെ ഏല്‍പ്പിക്കാതെ ധനവകുപ്പ് വഴി തന്നെ നല്‍കാനാണ് ആലോചന നടക്കുന്നത്.
സ്ത്രീകള്‍ക്കുള്ള പെന്‍ഷനും യുവജനങ്ങള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ നല്‍കാനാണ് ശ്രമം. സ്ത്രീകള്‍ക്കുള്ള പെന്‍ഷനും കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിനും പൊതുവായ മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമമായിട്ടില്ല. ഇത് വിതരണം ചെയ്യുന്ന രീതി, സംവിധാനം എന്നിവയെ കുറിച്ചെല്ലാം തീരുമാനിക്കേണ്ടതുണ്ട്.

ഇതിനെല്ലാം ചട്ടക്കൂട് തയ്യാറാക്കി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ശ്രമം. ക്ഷേമപെന്‍ഷന്‍ 1600 ല്‍ നിന്ന് 2000 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ നവംബര്‍ 27 മുതല്‍ വിതരണം ചെയ്യാനാണ് തീരുമാനം. പഴയ പെന്‍ഷന്‍ തുക പ്രകാരമുള്ള (1600) ഒരു മാസത്തെ കുടിശ്ശിക ഇനിയും നല്‍കാനുണ്ട്. അതും ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കാനാണ് ധന വകുപ്പിന്റെ നീക്കം.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം-പെന്‍ഷന്‍ പരിഷ്‌കരണവും പങ്കാളിത്തപ്പെന്‍ഷന്‍ പ്രകാരമുള്ള പദ്ധതി പ്രഖ്യാപിക്കലും കൂടി സര്‍ക്കാര്‍ ഇനി പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശമ്പളക്കമ്മിഷനെ നിയമിച്ചാല്‍ കൂടുതല്‍ സമയം വേണ്ടി വരും എന്നതിനാല്‍ ശമ്പള പരിഷ്‌കരണത്തിന് ഉദ്യോഗസ്ഥതല സമിതി മതിയോ എന്നും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
നിലവില്‍ ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വരാനിരിക്കുന്ന ഈ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഇനിയും കൂട്ടണമെന്ന് എല്‍ഡിഎഫില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തെ എല്‍ ഡി എഫ് പ്രകടന പത്രികയില്‍ 2500 രൂപയായിരുന്നു പെന്‍ഷന്‍ വാഗ്ദാനം. ഈ വാഗ്ദാനം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നടപ്പിലാക്കണം എന്നാണ് എല്‍ഡിഎഫില്‍ ഉയരുന്ന ആവശ്യം.
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതോടൊപ്പം സ്ത്രീകള്‍ക്ക് പ്രതിമാസം 1000 നല്‍കുന്ന 'സ്ത്രീ സുരക്ഷാ പെന്‍ഷന്‍' ഉള്‍പ്പെടെ മൂന്ന് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. 35 മുതല്‍ 60 വയസ് വരെ പ്രായമുള്ള, നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്ത AAY (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയില്‍പ്പെട്ട 33.34 ലക്ഷം സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം അനുവദിക്കുക
കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് യുവജനങ്ങള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ്. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപയും റബര്‍ താങ്ങുവില 200 രൂപയായും നെല്ലിന്റെ സംഭരണവില 30 രൂപ ആയും വര്‍ധിപ്പിച്ചു. ഇതിനൊപ്പം ഒരു ഗഡു അടുത്ത മാസം ശമ്പളത്തോടൊപ്പം നാല് ശതമാനം നിരക്കില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications