ഒരു മാസം, എല്ലാം പരിഹരിക്കപ്പെടും!! നഴ്സ്മാർക്ക് ഉറപ്പുമായി മന്ത്രി!! എല്ലാം പരിഗണനയിലത്രേ!!
വേതന വർധനവ് സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സ്മാരുടെ ശമ്പള വർധനവ് സംബന്ധിച്ച പ്രശ്നത്തിൽ ഒരുമാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ. വേതന വർധനവ് സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. അഭിപ്രായ സമന്വയത്തിലൂടെ വേതന വർധനവ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽ സേവനമനുഷ്ഠുിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിർദേശം തയ്യാറാക്കി സമർപ്പിക്കാൻ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നഴ്സ്മാരുടെ വേതനം സംബന്ധിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് ശുപാർശ സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

സമിതി ഇതിനോടകം ബന്ധപ്പെട്ടവരിൽ നിന്നും തെളിവെടുപ്പ് നടത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ നിർദേശങ്ങൾ മിനിമം വേജസ് അഡ്വൈസറി ബോർഡ് പരിശോധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്ന മുറയ്ക്ക് എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രശ്നം രമ്യമായി പരിഹരിക്കാൻ ജീവനക്കാരുടെ സംഘടനകളും മാനേജ്മെന്റുകളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങൾക്കാകെ ആശുപത്രികളിൽ നിന്നും ജീവനക്കാരുടെ സേവനം ഏറ്റവും ആവശ്യമായ സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികൾ മാറ്റിവച്ച് ജീവനക്കാരും മാനജ്മെന്റുകളും സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോണമെന്നും മന്ത്രി.












Click it and Unblock the Notifications