ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ വടി എടുക്കുമോ സമസ്ത? ജൂണ്‍ 5ന് അറിയാം, സുപ്രധാന മാറ്റം വന്നേക്കും
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതത്തിന് നയ വ്യതിയാനം സംഭവിച്ചുവെന്ന് വിമര്‍ശിച്ച എഡിറ്റര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ നേതൃത്വം കടുത്ത നടപടി എടുക്കില്ലെന്ന് സൂചന. പിളര്‍പ്പിലേക്ക് വരെ നയിച്ചേക്കാവുന്ന നടപടി എടുക്കാതെ ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്താനാകും ശ്രമമുണ്ടാകുക.
എഡിറ്റര്‍ പദവിയിലുണ്ടെങ്കിലും സുപ്രഭാതം പത്രവുമായി ബഹാവുദ്ദീന്‍ നദ്‌വി ഏറെകാലമായി സഹകരിക്കുന്നില്ല. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനം പ്രസിദ്ധീകരിക്കാത്തതാണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു. മുസ്ലിം ലീഗുമായി സഹകരിച്ചാണ് സമീപകാലം വരെ സമസ്ത മുന്നോട്ട് പോയിരുന്നത്. ഇക്കാര്യത്തിലുണ്ടായ മാറ്റമാണ് നദ്‌വി ചോദ്യം ചെയ്തത്.

എക്കാലത്തും മുസ്ലിം ലീഗിനൊപ്പം നില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് സമസ്തയുടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി പ്രത്യേക അടുപ്പമോ അകല്‍ച്ചയോ വേണ്ട എന്നും ഇവര്‍ വാദിക്കുന്നു. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ സമീപനങ്ങളോട് കടുത്ത അമര്‍ഷവും സമസ്തയിലെ ഈ വിഭാഗത്തിനുണ്ട്. ഇതിന്റെ പ്രതിഫലനമാണ് മുക്കം ഫൈസിയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പൊന്നാനിയിലും മലപ്പുറത്തും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചത് അഭിപ്രായ വ്യത്യാസം എന്ന നില വിട്ട് കടുത്ത ഭിന്നതയിലേക്ക് എത്തിച്ചു. സുപ്രഭാതത്തില്‍ ഇടതുപക്ഷത്തിന് പ്രധാന്യം ലഭിക്കുന്നു എന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ വാര്‍ത്തയിലും പരസ്യത്തിലും നേരത്തെ എടുത്ത നിലപാട് തുടരുകയാണ് ചെയ്യുന്നതെന്ന് സുപ്രഭാതത്തിന്റെ ഭാഗമായ സമസ്ത നേതാക്കള്‍ പറയുന്നു. പത്രത്തിന്റെ ദുബായ് എഡിഷന്‍ ഉദ്ഘാടനത്തില്‍ മുസ്ലിം ലീഗ് നേതാക്കളും നദ്‌വിയും പങ്കെടുക്കാത്തതും വലിയ ചര്‍ച്ചയായി.
ഇതിനിടെയാണ് സുപ്രഭാതം പത്രത്തിന് നയവ്യതിയാനം സംഭവിച്ചുവെന്ന് ബഹാവുദ്ദീന്‍ നദ്‌വി വിമര്‍ശിച്ചത്. നദ്‌വിയോട് സമസ്ത നേതൃത്വം 48 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് വിശദീകരണം തേടി. എന്നാല്‍ തന്റെ നിലപാട് ആവര്‍ത്തിച്ച നദ്‌വി ചുരുക്കിയുള്ള മറുപടിയാണ് നല്‍കിയത്. മുശാവറ യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും മറുപടി കത്തില്‍ വ്യക്തമാക്കി.
ജൂണ്‍ അഞ്ചിന് കോഴിക്കോട് സമസ്ത മുശാവറ യോഗം ചേരും. ഈ യോഗത്തില്‍ സുപ്രഭാതവുമായി ബന്ധപ്പെട്ട കാര്യങ്ങളും മുസ്ലിം ലീഗുമായി സ്വീകരിക്കേണ്ട നിലപാടുകളും വിശദമായി ചര്‍ച്ച ചെയ്യും. അതുവരെ നദ്‌വിക്കെതിരെ നടപടിയുണ്ടാകില്ല. മുശാവറ യോഗത്തിന്റെ തീരുമാനം അടിസ്ഥാനപ്പെടുത്തിയാകും തുടര്‍ നീക്കം. നദ്‌വിയെ നിര്‍ബന്ധിച്ച് സുപ്രഭാതം എഡിറ്റര്‍ പദവിയില്‍ നിന്ന് നീക്കില്ലെന്നാണ് അറിയുന്നത്.
അതേസമയം, സമവായത്തിന്റെ ഭാഗമായി ഇരുവിഭാഗത്തിനും തൃപ്തിയാകുന്ന തീരുമാനം വരുമെന്നാണ് സൂചന. മുസ്ലിം ലീഗ് എതിര്‍ക്കുന്ന മൂന്നില്‍ ഒരാള്‍ക്കെതിരെ നടപടിയുണ്ടായേക്കും. ഇവരെ സുപ്രഭാതം പത്രത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയേക്കും. തുല്യത നിലനിര്‍ത്താന്‍ നദ്‌വിയെ എഡിറ്റര്‍ പദവിയില്‍ നിന്ന് നീക്കി സമവായത്തിലെത്താനുള്ള സാധ്യതയും തള്ളാനാകില്ല. നദ്‌വിക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ അത് മറ്റൊരു തലത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രദ്ധയും സമസ്ത നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.












Click it and Unblock the Notifications