'മഞ്ജു വാര്യരുടെ പേരില്‍ കള്ള പരാതി, എന്റെ അറസ്റ്റ്, എല്ലാം അതിന്റെ തുടര്‍ച്ചയായിരുന്നു'; സനല്‍ കുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അനുഭവിക്കുന്ന പ്രശ്‌നങ്ങലെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തനിക്കെതിരെ നടക്കുന്ന അപകീര്‍ത്തി പ്രചരണത്തിനും മഞ്ജു വാര്യരുടെ പേരില്‍ നല്‍കിയ കള്ളപ്പരാതിയും അടക്കമുള്ള സംഭവ വികാസങ്ങളുടെ പിന്നിലെ കാരണത്തെ കുറിച്ചും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

എനിക്ക് വ്യക്തമായ സംശയമുള്ള ക്രിമിനല്‍ പ്രവര്‍ത്തികളെ കുറിച്ച് പരാതി നല്‍കിയത് മുതലാണ് അത്രയും കാലം എന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ തന്നെ എനിക്കെതിരെ കുപ്രചരണങ്ങള്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം വഴക്ക് ഐ എഫ് എഫ് കെ പ്രദര്‍ശനത്തിനെത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകളിലേക്ക്

'വഴക്ക്' മറ്റന്നാള്‍ (11/12/2022) ശളളസയില്‍ പ്രദര്‍ശിപ്പിക്കും. എന്റെ മാനസികാരോഗ്യം നശിച്ചു, മയക്കുമരുന്നിനടിമയാണ്, സ്ത്രീപീഡകനാണ് തുടങ്ങി എനിക്കെതിരെ അപകീര്‍ത്തി പ്രചരണം ശക്തമായി ആരംഭിച്ച സമയത്തായിരുന്നു ഈ സിനിമ ഞാന്‍ ഷൂട്ട് ചെയ്തത്. കാഴ്ച-നിവ് ഓഫീസ് കെട്ടിടത്തില്‍ നടന്നതായി എനിക്ക് വ്യക്തമായ സംശയമുള്ള ക്രിമിനല്‍ പ്രവര്‍ത്തികളെ കുറിച്ച് പരാതി നല്‍കിയത് മുതലാണ് അത്രയും കാലം എന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ തന്നെ എനിക്കെതിരെ കുപ്രചരണങ്ങള്‍ ആരംഭിച്ചത്.

കാഴ്ച-നിവ് കെട്ടിടത്തില്‍ രാത്രി സമയങ്ങളില്‍ അപരിചിതര്‍ വന്നുപോകുന്നതും അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടത് മുതലാണ് ഞാന്‍ എന്റേതായ അന്വേഷണം നടത്തുന്നത്. ഓഫീസ് കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഒരു ബെഡ്ഷീറ്റ് കോഴിക്കോട് കാണപ്പെട്ട ഷാലു എന്ന ട്രാന്‍സ്ജന്‍ഡറിന്റെ മൃതദേഹത്തില്‍ കണ്ടത് എന്റെ സംശയം വര്‍ദ്ധിപ്പിച്ചു.

ബെഡ് ഷീറ്റ് അത് തന്നെയാണോ എന്നന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ബെഡ്ഷീറ്റ് ഇല്ല എന്ന് പോലീസ് പറഞ്ഞത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കി. ഞാന്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ എന്റെ സിനിമകളുടെ നിര്‍മാതാവായിരുന്ന ഷാജി മാത്യു നിരുത്സാഹപ്പെടുത്തുകയും ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തു.

ഞാന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിക്കപ്പെട്ടില്ല. കൂടുതല്‍ അപകടം മണത്തതോടെ ഞാന്‍ അവിടെ നിന്നിറങ്ങി എന്റെ സിനിമാ പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ തന്നെയാക്കി. സോഷ്യല്‍ മീഡിയയില്‍ നിന്നും ഫിലിം സോസൈറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ പൊടുന്നനെ മാറി നിന്നത് എനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്താന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് സഹായമായി.

എന്നാല്‍ ആ സമയത്തൊക്കെ ഞാന്‍ എന്റെ സിനിമാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. കയറ്റം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വഴക്ക് സിനിമയുടെ മുഴുവന്‍ ജോലികളും ഞാന്‍ വീട്ടിലിരുന്നു പൂര്‍ത്തിയാക്കി. എന്റെ സിനിമകള്‍ പുറത്തുവന്നാല്‍ എനിക്കെതിരെ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങള്‍ പൊളിഞ്ഞുപോകും എന്നതുകൊണ്ട് കയറ്റവും വഴക്കും പുറത്തിറങ്ങില്ല എന്നുറപ്പിക്കാന്‍ വളരെ വലിയ ചരടുവലികള്‍ നടന്നു.

എന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് എവിടെയൊക്കെ ഞാന്‍ സിനിമ സബ്മിറ്റ് ചെയ്യുന്നു എന്ന് മനസിലാക്കി അവിടെയൊക്കെ എന്നെക്കുറിച്ചു കെട്ടിച്ചമച്ച അപവാദങ്ങള്‍ എത്തിച്ചു. ഊഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അതൊക്കെ. മഞ്ജുവാര്യരുടെ പേരില്‍ നല്‍കിയ കള്ള പരാതി ഉപയോഗിച്ച് എന്നെ അറസ്റ്റ് ചെയ്തതും എന്റെ ഫോണുകള്‍ പിടിച്ചെടുത്തതും ഒക്കെ അതിന്റെ തുടര്‍ച്ചയായിരുന്നു.

എന്തായാലും എല്ലാ കുല്‍സിത ശ്രമങ്ങളും പരാജയപ്പെടുത്തിക്കൊണ്ട് വഴക്ക് ഐ എഫ് എഫ് കെയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മുന്‍വിധികളില്ലാതെ സിനിമ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications