ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനെതിരേ 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ഈ മാസം 15 മുതല്‍ 30 വരെ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളിലും വിവേചനം തുടരുകയാണ്. പോലീസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആര്‍എസ്എസ് പ്രതികളാകുന്ന സംഭവങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലീസ് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ കുറ്റാരോപിതരാകുമ്പോള്‍ ശരവേഗത്തിലാണ് നടപടികളെടുക്കുന്നത്.

ആലപ്പുഴയില്‍ പത്തു വയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയെ ചുമലിലേറ്റിയവനും പിതാവും പരിപാടിയുടെ സംഘാടകനും പരിപാടി സംഘടിപ്പിച്ച സംഘടനയുടെ സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ 31 പേര്‍ ജയിലിലാണ്. അതേസമയം, തിരുവനന്തപുരത്ത് വിഎച്ച്പി സംഘടിപ്പിച്ച വിദ്വേഷ പ്രസംഗങ്ങളുടെയും വെണ്ണല പ്രസംഗത്തിന്റെയും പേരില്‍ പിസി ജോര്‍ജിനെതിരേ മാത്രം കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ് പോലീസ്. നാളിതുവരെ മറ്റു വിദ്വേഷ പ്രഭാഷകരെയോ സംഘടാകരെയോ പോലീസ് പ്രതിചേര്‍ത്തിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി നടത്തിയ ആയുധ പരിശീലനത്തിലും ആയുധമേന്തിയുള്ള പഥസഞ്ചലനത്തിലും ഇതു തന്നെയാണ് പോലീസ് രീതി. യഥാര്‍ഥ വാളിനു പകരം ഡെമ്മി നിര്‍മിച്ച് പെയിന്റ് ചെയ്ത് ഉണങ്ങാനുള്ള സമയം അനുവദിച്ച് കേസ് അട്ടിമറിക്കുകയാണ് പോലീസ്. ഇവിടെ വിദ്വേഷ മുദ്രാവാക്യത്തിന് ഇതുവരെ കേസെടുത്തിട്ടില്ല. ആലപ്പുഴയില്‍ മുന്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കളും മയക്കുമരുന്നും പിടിച്ച കേസിലും സമാനമാണ് പോലീസ് നടപടി. പേരാമ്പ്രയില്‍ വംശീയ വിദ്വേഷവും കൊലവിളിയും നടത്തിയ ആര്‍എസ്എസ്സിനെതിരേ ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പോലീസ് നിരവധി പരാതികള്‍ക്കു ശേഷം ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്. തലശ്ശേരിയിലും കുന്നംകുളത്തും ആലപ്പുഴയിലുമുള്‍പ്പെടെ ആര്‍എസ്എസ് നടത്തിയ കൊലവിളികള്‍ സോഷ്യല്‍ മീഡിയയില്‍ പാറിനടക്കുമ്പോഴും കേരളാ പോലീസ് കണ്ടമട്ടില്ല.
വടകരയിലും കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടാവുകയും ആര്‍എസ്എസ് പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്താനോ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പരിശോധന നടത്താനോ പോലീസ് തയ്യാറായിട്ടില്ല. പാലക്കാട് യുവമോര്‍ച്ചാ നേതാവ് ഒരു ജഡ്ജിയുടെ വിധിപ്രസ്താവത്തിനെതിരേ ജഡ്ജി മുസ്ലിമായതിനാല്‍ വംശീയ വിദ്വേഷത്തോടെയുള്ള ആക്ഷേപങ്ങളാണ് മൈക്കിലൂടെ നടത്തിയത്. ഇതിനെതിരേ പോലീസ് എന്തു നടപടി സ്വീകരിച്ചെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. കൂടാതെ ഈ അനീതികളും വിവേചനങ്ങളും തുറന്നു കാണിക്കാനുള്ള അവസരങ്ങള്‍ പോലും നിഷേധിക്കുകയാണ് സര്‍ക്കാര്‍.
ഭരണഘാടനാനുസൃത സാമൂഹിക സംവരണം അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പാക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നിയമം പാസ്സാക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് കേരളത്തിലെ ഇടത് സര്‍ക്കാരാണ്. പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പുകള്‍ നഷ്ടപ്പെടുത്തി. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. വിവേചനം തുടരുന്ന ഇടതു സര്‍ക്കാര്‍ നടപടികള്‍ തുറന്നു കാണിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ജനസദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications