കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി തകർന്നു; ആധിയോടെ കടലോരം

  • Posted By:
Subscribe to Oneindia Malayalam

വടകര: കടൽക്ഷോഭത്തെ തുടർന്ന് താലൂക്കിലെ തീരമേഖലയിൽ മൊത്തം കടൽഭിത്തി തകർന്നു. നേരത്തേ ദുർബലമായിരുന്ന ഭാഗങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ മണ്ണൊലിച്ചു പോയതിനെ തുടർന്നാണ് ഭിത്തി താഴ്ന്നത്. പലയിടത്തും മുകൾഭാഗത്തെ കല്ലിളകി ഇതിലൂടെ വെള്ളം അടിച്ചു കയറുകയായിരുന്നു. നഗരസഭാ പ്രദേശത്തിനു പുറമെ ചോറോട്, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തിലുമായി 8000 മീറ്റർ ഭാഗത്തെങ്കിലും ഭിത്തി ഉടൻ പുനർ നിർമിക്കേണ്ടി വരും.

ബാബറി മസ്ജിദ് ദിനം: സുരക്ഷാവലയത്തില്‍ ശബരിമല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

നഗരസഭാ പ്രദേശത്തു മാത്രം അഞ്ചു വാർഡിലാണ് ഭിത്തി തകർച്ച. ഭിത്തി തകർന്നതിനെ തുടർന്ന് കൂടുതൽ വീടുകൾ ഭീഷണിയിലായി. പലയിടത്തും റോഡുകൾ തകർന്നതും ഭിത്തിയിലെ കല്ലു താഴ്ന്നു പോയ ഭാഗത്താണ്. താലൂക്കിലെ വിവിധ ഭാഗത്ത് ഭിത്തി കെട്ടാൻ മൂന്നു കോടിയിൽപരം രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദു‍ർബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിട്ടിട്ടില്ല. പയ്യോളി, വടകര നഗരസഭകൾ ചേർത്ത് ഭിത്തി വികസിപ്പിക്കാനുള്ള45 കോടി രൂപയുടെ പദ്ധതിയുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.

kadelvadakara

40 വർഷം മുൻപാണ് താലൂക്കിലെ തീരപ്രദേശത്ത് ഭിത്തി നിർമാണം തുടങ്ങിയത്. കടലാക്രമണം പതിവായ മേഖലയിൽ മുഴുവൻ കല്ലിട്ടിട്ടുണ്ടെങ്കിലും ഇതിനെല്ലാം ഒന്നോ രണ്ടോ വർഷത്തെ ആയുസേ ഉണ്ടാകൂ. തകർന്ന ഭാഗത്ത് പിന്നീട് കല്ലിടുന്നത് വിരളം. വടകര കടൽപാലത്തിനടുത്ത് തകർന്ന ഭിത്തി പുനർനിർമിക്കാത്തതു കൊണ്ട് വീടൊഴിഞ്ഞ കുടുംബങ്ങൾ ദേശീയപാത ഉപരോധിച്ച ശേഷമാണ് അധികൃതർ തെല്ലൊന്നനങ്ങിയത്.

ഇവിടെ വീണ്ടും കല്ലിട്ട ഭാഗം തകർന്ന് വീടുകളും റോഡും തകർന്നിരിക്കുകയാണ്. കടൽ ഭിത്തി കെട്ടുന്ന കാര്യത്തിൽ അലംഭാവം തുടർന്നാൽ തീരദേശവാസികളെ പങ്കെടുപ്പിച്ച് ശക്തമായ സമരം നടത്തേണ്ടി വരുമെന്ന് നഗരസഭാ കൗൺസിലർ പി. സഫിയ പറഞ്ഞു.

എല്ലാ വർഷവും ഭിത്തി കെട്ടാമെന്നുറപ്പു നൽകുന്ന അധികൃതർ മഴക്കാലം കഴിഞ്ഞാൽ പിന്നീട് നടപടിയൊന്നുമെടുക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.‌ നഷ്ടമുണ്ടായ മൽസ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായവും കടൽഭിത്തി കെട്ടാനുള്ള സംവിധാനവും ഒരുക്കണമെന്ന് മൽസ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.ടി. ശ്രീധരൻ ആവശ്യപ്പെട്ടു.

English summary
Sea wall damaged due to sea turbulence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്