'ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണം'; കത്തയച്ച് മുഖ്യമന്ത്രി
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് കർണാടകയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അർജുൻ രക്ഷാദൗത്യവുമായി മുന്നോട്ട് പോകണമെന്ന് കത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
അതേസമയം അർജുൻ ഉൾപ്പെടെ കാണാതായവർക്കായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'രക്ഷാപ്രവർത്തനവുനായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന നിലപാടാണ് കർണാടക എംഎൽഎ പറയുന്നത്. ഇന്നലെയുള്ള കൂടിക്കാഴ്ചയിൽ പോലും പറയാത്ത കാര്യങ്ങളാണ് പറയുന്നത്.

തിരച്ചിൽ നിർത്തിയെന്നാണ് അറിയാൻ സാധിച്ചത്. ഇന്ന് തിരച്ചിലിന് ഇന്നലത്തെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമാണ്. ഇന്നലെ കനത്ത മഴയിലും രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു. ജില്ലാ കളക്ടറുമായി സംസാരിച്ചപ്പോൾ മന്ത്രിമാർ വരാനുണ്ടെന്നാണ് അറിയിച്ചത്. മന്ത്രി വരുന്നുണ്ടെങ്കിൽ യോഗം മറ്റൊരു സ്ഥലത്ത് നടത്തട്ടെ. മന്ത്രി അല്ലല്ലോ വെള്ളത്തിൽ ഇറങ്ങുന്നത്', മുഹമ്മദ് റിയാസ് ചോദിച്ചു.
ചങ്ങാടം എത്തിക്കും എന്ന് അറിയിച്ചിട്ട് ചങ്ങാടം എത്തിച്ചില്ല. ഇന്നലെ രാത്രി ഏറെ വൈകിയാണ് എത്തിക്കാൻ ആകില്ലെന്ന് പറഞ്ഞത്. ചങ്ങാടം ഉപയോഗിച്ച് പരിശോധിക്കില്ലെന്ന തീരുമാനം കൈക്കൊള്ളുന്നുണ്ടെങ്കിൽ അത് സർക്കാർ നമ്മളേയും അറിയേക്കേണ്ടേ? തഗ് ബോട്ട് കൊണ്ടുവരുന്നതിൽ തടസം എന്താണ്? ഡ്രഡ്ജിങുമായി ബന്ധപ്പെട്ട് ഒരു പാലമാണ് തടസം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞു അതും ഉണ്ടായില്ല. രക്ഷാപ്രവർത്തനം ലക്ഷ്യത്തിലെത്തില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇത് അവസാനിപ്പിക്കുന്നതല്ലേ നല്ലത് എന്നാണ് വാദം. എന്നാൽ ഈ മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങളും വെച്ച് പരിശോധിച്ചതിന് ശേഷവും പരാജയപ്പെട്ടാൽ അല്ലേ രക്ഷാദൗത്യം അവസാനിപ്പിക്കാമെന്ന് പറയേണ്ടത്. സാധ്യതകളെ സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല', മന്ത്രി പറഞ്ഞു.
അതേസമയം അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും അറിയിച്ചിരുന്നു. പുഴയ്ക്കടിയിലെ തിരച്ചിൽ ദുഷ്കരമാണെന്നാണ് മാൽപെ പറഞ്ഞത്. പരിശോധനയിൽ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമാണ് കണ്ടതെന്ന് മാൽപെ പറഞ്ഞു. അടിഞ്ഞ് കിടക്കുന്ന പാറക്കല്ലുകൾ കാരണം ലോറിയുടെ അടുത്തേക്ക് പോകാൻ തനിക്ക് സാധിച്ചില്ലെന്നും മാൽപെ പറഞ്ഞു.












Click it and Unblock the Notifications