മുഖ്യമന്ത്രി പിണറായി വേദി വിടുന്നതിനിടെ ഓടിയെത്തിയ വ്യക്തി മന്ത്രി ദേവർകോവിലിനെ കെട്ടിപ്പിടിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രിമാരായ ചിഞ്ചു റാണിയും അഹമ്മദ് ദേവർ കോവിലും പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്നതിനിടെ ഒരാള്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.

വേദിയിലേക്ക് എത്തിയ മധ്യവയസ്തനായ വ്യക്തി മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങി താഴെ എത്തിയിരുന്നു. അപ്രതീക്ഷിതമായ സംഭവത്തില്‍ മന്ത്രി പരിഭ്രാന്തനായി. തൊട്ടടുത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു.
പൊലീസ് ഉടന്‍ തന്നെ ഓടിയെത്തിയെ മധ്യവയസ്കനെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുപോവുകയും ചെയ്തു. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാളാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയതെന്ന് പിന്നീട് മനസ്സിലായി. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയ്യൂബ് പറയുന്നത്.
അതേസമയം, രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു തിരുവനന്തപുരം മ്യൂസിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ രവിവർമ ചിത്രങ്ങളുള്ള ആർട്ട് ഗ്യാലറിയാണു തിരുവനന്തപുരത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ കലാകാരന്മാരിൽ ഒരാളായ രാജാരവിവർമയുടെ കലാസപര്യയ്ക്ക് ഉചിതമായ സ്മാരകം യാഥാർഥ്യമായിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജാരവിവർമയുടെ 175-ാം ജന്മവാർഷികം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആചരിക്കുന്ന ഘട്ടത്തിൽത്തന്നെ ആർട്ട് ഗ്യാലറി സമർപ്പിക്കാൻ കഴിഞ്ഞതു സന്തോഷകരമാണ്.
കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിവർമ കാലത്തെ അതിജീവിച്ച കലാകാരനായിരുന്നു. കൊട്ടാരക്കെട്ടിനുള്ളിൽ ഒതുങ്ങിനിൽക്കാതെ നാട്ടിലേക്കും ജനപഥങ്ങളിലേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. സംസ്‌കൃതിയിൽനിന്നു പകർന്നുകിട്ടിയ സങ്കൽപ്പങ്ങളും യാത്രയിൽക്കണ്ട ദൃശ്യങ്ങളും അദ്ദേഹം വരച്ചിട്ടു. ഇന്ത്യൻ പാരമ്പര്യവും പാശ്ചാത്യ സങ്കേതങ്ങളും ഒരുപോലെ സമ്മേളിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രകല. ഇന്ത്യൻ ചിത്രകലാ രംഗത്തെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് രാജ രവിവർമ്മയുടെ ചിത്രങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിത്രങ്ങളിലൂടെ സാർവദേശീയത പുലർത്തിയ മഹാ ചിത്രകാരനാണ് രാജാ രവിവർമ. ഓരോ ദേശത്തെയും കലാരൂപങ്ങളെയും സാംസ്‌കാരിക ജീവിതങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തി. രാജാ രവിവർമയുടെ പ്രശസ്തി ലോകമാകെ വ്യാപിക്കുമ്പോഴും കേരളം വേണ്ടത്ര അറിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്. ഒരു വർഷം മുൻപു മുംബൈയിൽ ഒരു ചിത്രലേല കമ്പോളത്തിൽ രാജാരവിവർമയുടെ യശോദയും കൃഷ്ണനും എന്ന ചിത്രം 28 കോടി രൂപയ്ക്കാണു വിറ്റുപോയത്.
നേരത്തേ വിദേശത്തെത്തിപ്പെട്ട രവിവർമ ചിത്രങ്ങൾ ഇനി കടൽകടന്നു പുറത്തുപോകാതിരിക്കാനാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദേശീയസമ്പത്തായി പ്രഖ്യാപിച്ചത്. അതിനു നിരക്കുന്ന വിധത്തിൽ രാജാരവിവർമ ചിത്രങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. കിളിമാനൂർ കൊട്ടാരം കൈമാറിയ ചിത്രങ്ങളാണ് ആർട്ട് ഗ്യാലറിയിലുള്ളതെന്നതു വലിയ പ്രത്യേകതയാണ്. അദ്ദേഹം വരച്ചു കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണു പൊതുജനങ്ങൾക്കു കാണുന്നതിനായി കിളിമാനൂർ കൊട്ടാരം സംഭാവനയായി നൽകിയത്. ഇവ വരും തലമുറയ്ക്കായി സംരക്ഷിക്കാനും വരുംകാലങ്ങൾക്കു പരിചയപ്പെടുത്താനുമുള്ള കടമയുണ്ട് നമുക്കുണ്ടെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.












Click it and Unblock the Notifications