മന്ത്രിമാരുടെ ഓഫീസിലേക്ക് പ്രവേശിക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ ശുപാർശ വേണം; സെക്രട്ടറിയേറ്റിൽ സുരക്ഷ ശക്തമാക്കി
സെക്രട്ടേറിയറ്റുനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ സുരക്ഷ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. ഇനി മന്ത്രിമാരുടെ ഓഫീസിലേക്ക് പ്രവേശിക്കണമെങ്കിൽ അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ നിർബന്ധമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി പൊതുഭരണ രഹസ്യ വിഭാഗം ഉത്തരവിറക്കി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഉത്തരവെന്നാണ് വിശദീകരണം.

സെക്രട്ടേറിയറ്റുനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപി, സര്‍ക്കാര്‍, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റുവഴി പ്രവേശനം ഉണ്ടാവുക. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും പാസ് വാങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം സംശയത്തിന്റെ നിഴലിൽ വരുകയും മരംമുറി പോലുള്ള വിവാദങ്ങളിൽ മന്ത്രിമാരുടെ ഓഫീസില്‍ വരെ പ്രതികള്‍ പ്രവേശിച്ചിരുന്ന എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന. മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിൽ നേരത്തെ കൂട്ട സ്ഥലമാറ്റവും നടത്തിയിരുന്നു.
Recommended Video
മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജെ ബെൻസിയെ കാർഷിക കടാശ്വാസ കമ്മിഷനിലേക്ക് മാറ്റി. മരംമുറി ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്കും മാറ്റി.












Click it and Unblock the Notifications