മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. പാലക്കാട്ടെ വസതിയില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അത്രയും സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ഏക മലയാളിയാണ്. കേരളത്തില്‍ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ്, തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. നിയമസഭയിലേക്ക് തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട്, മണ്ഡലങ്ങളില്‍ നിന്ന് എത്തിയിട്ടുണ്ട്. 1986 മുതല്‍ 2001 വരെയുള്ള ദീര്‍ഘകാലയളവില്‍ യുഡിഎഫ് കണ്‍വീനറായിരുന്നു. സംഘടനാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട്ട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് ശങ്കരനാരായണന്‍. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അവസാന കാലത്തും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഷൊര്‍ണൂര്‍ അണിയത്ത് ശങ്കരന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1932 ഒക്ടോബര്‍ 15നായിരുന്നു ശങ്കരനാരായണന്റെ ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം രാഷ്ട്രീയത്തിലെത്തി. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറിയും തുടര്‍ന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹ, 1964ല്‍ പാലക്കാട് ഡിസിസി പ്രസിഡന്റുമായി.
1977ല്‍ തൃത്താലയില്‍ നിന്നാണ് ശങ്കരനാരായണന്‍ ആദ്യമായി നിയമസഭയിലെത്തിയത്. കെ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായി. വളരെ പെട്ടെന്നായിരുന്നു വളര്‍ച്ച. പിളര്‍പ്പിന്റെ കാലത്ത് സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്ന ശങ്കരനാരായണന്‍ പിന്നീട് കരുണാണകരന്‍ വിരുദ്ധ ചേരിക്കൊപ്പമായിരുന്നു. സ്വന്തം പേരെഴുതിയ ചുവര് വരെ ഈ പോരിനെ തുടര്‍ന്ന് തൃശൂരില്‍ മായ്‌ക്കേണ്ടി വന്നു. 1984ലെ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ സംഭവം നടന്നത്. പിന്നീടാണ് ഏകെ ആന്റണിയുടെ വിശ്വസ്തനായി അദ്ദേഹം മാറുന്നത്. പതിനാറ് വര്‍ഷത്തോളം അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു. 2001 ആന്റണി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. 2007 മുതല്‍ 2014 വരെ ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണറായിരുന്നു.












Click it and Unblock the Notifications