'ഇതെന്റെ കൂടി പാര്‍ട്ടി'; വഴിയിലെ തടസം മാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്ന് ശോഭ സുരേന്ദ്രന്‍
കോഴിക്കോട്: ബി ജെ പി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ വീണ്ടും. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിന് പിന്നാലെയാണ് ശോഭയുടെ പ്രതികരണം.
നേരത്തെ ശോഭ സുരേന്ദ്രന് പാര്‍ട്ടി വേദി നല്‍കുന്നതിനെ ചൊല്ലി ബി ജെ പിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ തര്‍ക്കം നടന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ഇത് തന്റെ കൂടി പാര്‍ട്ടിയല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങി വെച്ചേക്കണ എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് തനിക്ക് പ്രതിബദ്ധത എന്നും അവര്‍ വ്യക്തമാക്കി.

ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് താനെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. 'ഇനി ഞാന്‍ റോഡിലാണ്. ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ് എന്റെ പ്രവര്‍ത്തനം. നമുക്ക് കാണാമല്ലോ', എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. നേരത്തെ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച ശോഭയെ കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ബിജെപി കോഴിക്കോട് ഡിസ്ട്രിക്ട് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഉഇത് സംബന്ധിച്ച് തര്‍ക്കം നടന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോ എന്നായിരുന്നു വാട്‌സാപ്പ് ഗരൂപ്പില്‍ ഉയര്‍ന്ന ചോദ്യം. എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ എന്തിന് കൊണ്ടുനടക്കണം എന്നും ചോദ്യമുയര്‍ന്നിരുന്നു.
എന്നാല്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് മേധാവിത്വമുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റി ശോഭയെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ കോഴിക്കോട് പാര്‍ട്ടി പരിപാടിക്കെത്തിയ ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ ഇത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരന് എതിരേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും ശക്തമായ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി കെ കൃഷ്ണദാസ് പക്ഷം ശോഭയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബി ജെ പി നേതൃത്വത്തിന് എതിരെ ശോഭ സുരേന്ദ്രന്‍ ഇടഞ്ഞാണ് നില്‍ക്കുന്നത്.












Click it and Unblock the Notifications