രാഹുൽ മാങ്കൂട്ടത്തിലിന് നോ പറഞ്ഞ് മുതിർന്ന നേതാക്കളും; സതീശന് പിന്തുണയേറുന്നു, പാലക്കാട് മറ്റൊരാൾ?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാണ്. അതിനിടെ ലൈംഗിക പീഡന പരാതിയും കേസും ഒക്കെ വന്നതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാവിയെ ചൊല്ലിയുള്ള ചോദ്യങ്ങളും അതിനെ കുറിച്ചുള്ള ചർച്ചകളും പരസ്യമായ രഹസ്യമാണ്. പാർട്ടി നേതൃത്വം നടപടി എടുത്തെങ്കിലും പ്രവർത്തകരിൽ വലിയൊരു വിഭാഗം ഇപ്പോഴും രാഹുലിന് ഒപ്പം ഉറച്ചു നിൽക്കുകയാണ്. അത് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദൃശ്യവുമായിരുന്നു.
എന്നാൽ ഈ വികാരം ഒന്നുകൊണ്ട് മാത്രം രാഹുലിന് മുന്നോട്ട് പോവാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ചില സംഭവ വികാസങ്ങളാണ് നടക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് വിഡി സതീശൻ രാഹുലിന് പ്രതികൂലമായ നിലപാട് സ്വീകരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായ സമയത്ത് തന്നെ രാഹുലിനെ തള്ളിപ്പറഞ്ഞ വിഡി തന്റെ നിലപാടിൽ അണുവിട മാറ്റം വരുത്തിയിട്ടില്ലെന്ന് മാത്രമല്ല അതിലും ശക്തമായി തന്നെ തുടരുകയാണ്.

അതിനിടെ വിഡി സതീശന് പിന്തുണയേറുകയാണ് പാർട്ടിക്കുള്ളിൽ എന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്‌ച വച്ച സാഹചര്യത്തിൽ സതീശന്റെ പിന്നിൽ മുതിർന്ന നേതാക്കൾ ഉറച്ചു നിൽക്കുകയാണ്. അതിന്റെ ഉദാഹരണമെന്നോണം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പിജെ കുര്യൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ സംഭവവികാസം.
വിഡി സതീശന് പിന്തുണയുമായാണ് മുതിർന്ന നേതാവ് പിജെ കുര്യൻ രംഗത്ത് വന്നത്. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന അഭിപ്രായമാണ് പിജെ കുര്യൻ മുന്നോട്ട് വച്ചത്. ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നാണ് അദ്ദേഹം പരസ്യമായി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് സതീശന് പിന്തുണയേറുന്നതിന്റെ സൂചനയാണ്.
യുവാക്കള്‍ക്ക് അവസരം നല്‍കണമെങ്കിലും തിരഞ്ഞെടുപ്പിൽ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുതെന്ന പരോക്ഷ വിമർശനവും ചില യുവ നേതാക്കളെ ലക്ഷ്യമിട്ട് പിജെ കുര്യൻ നടത്തുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മാസങ്ങൾ മാത്രം ശേഷിക്കെ വിഡി സതീശന്റെ നയങ്ങൾക്ക് പാർട്ടിയിൽ സ്വീകാര്യത കൂടുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം സതീശൻ മനസ് തുറന്നിരുന്നു. അതിലാണ് ഇപ്പോൾ പിജെ കുര്യൻ തന്റെ നിലപാട് അറിയിച്ചത്. കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്‌സ് ആർക്കും പാടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നുമാണ് സതീശൻ പറഞ്ഞത്.
ഇത് കൂടി കണക്കിലെടുക്കുമ്പോൾ പാലക്കാട് മണ്ഡലത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. മുതിർന്ന നേതാക്കൾ മാറി നിൽക്കുന്നതിനെ കുറിച്ചും സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെ കുറിച്ചുമുള്ള വിഡി സതീശന്റെ നിലപാടിന് പിജെ കുര്യൻ അടക്കമുള്ള നേതാക്കൾ നിരുപാധികം പിന്തുണ അറിയിച്ചതോടെ രാഹുൽ വിഷയത്തിലും സതീശന് സ്വീകാര്യത കൂടുമെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ ഒരു വർഷത്തിന് അപ്പുറം വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വപ്‌നം വെറുതെയാവും. ഇത്തവണ എന്തായാലും ഭരണം ഉറപ്പാക്കാൻ കച്ചകെട്ടി ഇറങ്ങുന്ന യുഡിഎഫ് രാഹുലിന്റെ കാര്യത്തിൽ ഒരു പരീക്ഷണത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ രാഹുലിന് പകരം പാലക്കാട് യുവാക്കളിൽ നിന്ന് ആർക്കെങ്കിലും നറുക്ക് വീഴാനാണ് സാധ്യത. അധികം വൈകാതെ തന്നെ ഇതിന്റെ ചർച്ചകൾ ആരംഭിച്ചേക്കും.












Click it and Unblock the Notifications