വീണക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയില്‍ വാക്‌പോര്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ എസ് എഫ് ഐ ഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ എം എല്‍ എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭാ നടപടികള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷം വാക്കൗട്ടും നടത്തി.
നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. മാത്യു കുഴല്‍നാടന്‍ എം എല്‍ എയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. റൂള്‍ 53 പ്രകാരം ചട്ടപ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടം എന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണ് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി തേടിയത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിന് പോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായത് എന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രി രാജിവെക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിവേഗം സഭാ നടപടികളിലേക്ക് കടന്ന സ്പീക്കര്‍ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ ബഹളവുമായി ഭരണപക്ഷ എം എല്‍ എമാരും രംഗത്തെത്തി. ഇതോടെ നേര്‍ക്കുനേരുള്ള വാക്‌പോരിനും സഭ സാക്ഷ്യം വഹിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
കേരളം കൊള്ളയടിച്ച് പി വി ആന്‍ഡ് കമ്പനി എന്നായിരുന്നു ബാനറുകളിലെ വാചകം. പിന്നീട് സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭക്ക് പുറത്തും പ്രതിഷേധം തുടര്‍ന്നു. അതേസമയം മുഖ്യമന്ത്രി തനിക്കും മകള്‍ക്കുമെതിരായ ആരോപണം നിഷേധിക്കുകയാണ്. തന്റെ കൈകള്‍ ശുദ്ധം ആണെന്നും മകള്‍ക്കെതിരായ കണ്ടെത്തലുകള്‍ ആരോപണങ്ങള്‍ മാത്രമാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിക്ക് പങ്കാളിത്തമുള്ള സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപ്പറ്റി എന്നാണ് ആരോപണം. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഒസിയുടെയും കണ്ടെത്തലുകളാണ് ആരോപണത്തിന് ആധാരം.












Click it and Unblock the Notifications