വടകരയിൽ പത്രിക സമർപ്പിച്ച് ഷാഫി പറമ്പിൽ;വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അച്ചു ഉമ്മൻ
വടകര: വടകര ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ .'വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം' എന്ന ബാനറുമായി വമ്പൻ പ്രകടനവുമായെത്തിയാണ് ഷാഫി പത്രിക സമർപ്പിച്ചത്. കെ കെ രമ, അച്ചു ഉമ്മൻ എന്നിവർ ഷാഫിക്കൊപ്പം ഉണ്ടായിരുന്നു.
മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ ഷാഫി വിജയിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. ജനങ്ങൾക്കൊപ്പമാണ് ഷാഫി, കേരളത്തിൽ വർഗീയ ചിന്തകൾ തുടച്ചുമാറ്റും.ഷാഫി പറമ്പിലിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മൻ പറഞ്ഞു. വടകരയിൽ ഷാഫി വലിയ വിജയം സ്വന്തമാക്കുമെന്ന് കെകെ രമയും പ്രതികരിച്ചു.

അതിനിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വടകര പോലീസ് കേസെടുത്തു. മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.
അതേസമയം സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കണമെന്നും എന്നാൽ സ്ഥാനാർത്ഥിയുടെ അറിവോടെയാണ് മോർഫി് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നൊക്കെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ' അങ്ങനെ ചെയ്തിട്ട് എന്ത് മെച്ചമാണ് എനിക്ക് കിട്ടുക? എന്റെ അറിവോടെയും സമ്മതത്തോടെയും അങ്ങനെ ആരും ചെയ്തിട്ടില്ല. ആരും ചെയ്യാനും പോകുന്നില്ല. ഞൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ്. ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിക്കും.
ഞങ്ങൾ ചില വിഷയങ്ങളിൽ ഉത്തരം തേടുന്നുണ്ട്. അതൊരിക്കലും ആക്ഷേപവഴിയിൽ അല്ല മറിച്ച് ജനാധിപത്യ വഴിയിലാണ്. ആരേയും ആക്ഷേപിക്കാൻ ഞാൻ നേതൃത്വം കൊടുത്തിട്ടില്ല. ഈ വിവാദത്തിൽ എന്നെ വലിച്ചിഴച്ചത് തരംതാണൊരു ഏർപ്പാടിയിപ്പോയി. ഞാനാണ് ഈ വിഷയത്തിൽ യാഥാർത്ഥത്തിൽ പരാതികൊടുക്കേണ്ടത്. എന്റെ അറിവോ സമ്മതോ ഇല്ലാതെ നടന്നൊരു കാര്യത്തിൽ എന്റെ പേര് ഉൾപ്പെടുത്തി പരാതി കൊടുത്തതിൽ ഞാനാണ് നിയമപരമായി നീങ്ങേണ്ടത്', ഷാഫി പറമ്പിൽ പറഞ്ഞു.
ഇത്തവണ വടകരയിൽ വാശിയേറിയ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ മുഖാമുഖം ഏറ്റുമുട്ടുന്നത് ഇത് ആദ്യമായാണ്. 2019 ൽ കെ മുരളീധരനാണ് മണ്ഡലത്തിൽ നിന്നും ജയിച്ചത്. 2019 ല്‍ കെ മുരളീധരനും പി ജയരാജനും തമ്മിലായിരുന്നു പോരാട്ടം. അന്ന് 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്.












Click it and Unblock the Notifications