ശശി തരൂര്‍ വിഷയത്തില്‍ നേതൃത്വത്തിന് പിഴച്ചു; വിലക്കിയ നടപടി ശരിയായില്ലെന്ന് കെപിസിസി യോഗം
തിരുവനന്തപുരം: ശശി തരൂര്‍ വിഷയത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി ഭാരവാഹികള്‍. കെപിസിസി യോഗത്തിലായിരുന്നു വിമര്‍ശനം. തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് പിഴവ് സംഭവിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
ശശി തരൂരിനെ വിലക്കിയ നടപടി ശരിയായില്ലെന്ന് ഭാരവാഹി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോഴിക്കോട് നടന്ന പരിപാടിയില്‍ അദ്ദേഹത്തെ വിലക്കാന്‍ പാടില്ലായിരുന്നുവെന്നും കെപിസിസി യോഗം നിലപാടെടുത്തു. അതേസമയം പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന നേതാക്കളുടെ പരാമര്‍ശത്തില്‍ യോഗത്തില്‍ ചര്‍ച്ചയായി.

എംപിമാരെ സംസ്ഥാന നേതൃത്വം നിലയ്ക്ക് നിര്‍ത്തണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാടാണ് പ്രശ്‌നമായത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹിക യോഗത്തില്‍ അഭിപ്രായം വന്നു.
ഭാരവാഹികള്‍ ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ച്, പേരെടുത്തായിരുന്നു വിമര്‍ശനം. കെപിസിസി പ്രസിഡന്റ് തന്നെ എംപിമാരെ താക്കീത് ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
അതേസമയം എംപിമാര്‍ക്കും കര്‍ശന നിര്‍ദേശം നിര്‍വാഹക സമിതി യോഗത്തില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. നേരത്തെ ഈ വിഷയത്തില്‍ താരിഖ് അന്‍വറും അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി പരാമര്‍ശത്തില്‍ കൂടുതല്‍ വിശദകരണവുമായി ശശി തരൂര്‍ രംഗത്തെത്തി. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, താരിഖ് അന്‍വറിനോടോ, ഹൈക്കമാന്‍ഡിനോടോ തനിക്ക് തര്‍ക്കമില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ ദേശീയ നേതൃത്വം ഈ പരാമര്‍ശത്തില്‍ തരൂരിനെ വിമര്‍ശിച്ചിരുന്നു.
ക്ഷണം ലഭിച്ച പരിപാടികള്‍ പങ്കെടുക്കാനാണ് താന്‍ പോകുന്നത്. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ മുമ്പും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് അത് പുതിയ കാര്യമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും തരൂര്‍ പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുന്നവര്‍, തന്നെ അതിന്റെ കാരണവും പറയട്ടെന്നും തരൂര്‍ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നും, ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനമെന്നും, ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ടെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരെയാണ് ദേശീയ നേതൃത്വം രംഗത്ത് വന്നത്. നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകാം. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചില രീതികളുണ്ടെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications