കേരള മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ശശി തരൂർ, 'പ്രാപ്തനാണോ എന്ന് ജനം തീരുമാനിക്കണം, താൻ തയ്യാർ'
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തില്‍ ചില പ്രശ്‌നങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. എന്താണ് നമ്മുടെ കുറവുകളെന്നും കഴിവില്ലായ്മകളെന്നും ചോദിക്കാനുളള ഉത്തരവാദിത്തം നമുക്കുണ്ട്. അതെല്ലാം താന്‍ ചോദിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. പ്രശ്‌നങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അതിനൊരു പരിഹാരവും വേണം. പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍, ശശി തരൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ പര്യാപ്തനാണോ എന്നതൊക്കെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. നമ്മളതിന് തയ്യാറാകണം, താന്‍ തയ്യാറാണ്, ശശി തരൂര്‍ വ്യക്തമാക്കി. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. എന്‍എസ്എസിന്റെ മന്നം ജയന്തി പൊതുസമ്മേളന വേദിയിലെ വിവാദ പ്രസംഗത്തിലും ശശി തരൂര്‍ വിശദീകരണം നല്‍കി.

ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടെന്ന് മന്നം പണ്ട് പറഞ്ഞത് താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ അനുഭവിക്കുന്നുണ്ട് എന്ന് തരൂര്‍ പറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നം വെച്ചുളള തരൂരിന്റെ പ്രയോഗം വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ താന്‍ അന്ന് പറഞ്ഞത് തമാശ മാത്രമാണെന്നാണ് തരൂര്‍ പറയുന്നത്.
ഒരു മണിക്കൂര്‍ പത്ത് മിനുറ്റ് താന്‍ പ്രസംഗിച്ചതില്‍ താന്‍ സുകുമാരന്‍ നായരെ ചിരിച്ച് കൊണ്ട് നോക്കി പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് വാര്‍ത്തയാക്കുന്നത് ശരിയാണോ എന്ന് തരൂര്‍ ചോദിച്ചു. താന്‍ അതൊരു തമാശ മാത്രമായിട്ട് പറഞ്ഞതാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. എന്ത് പറഞ്ഞാലും ഗൗരവമായിട്ട് മാത്രമേ എടുക്കൂ. തന്റെ വിശ്വാസവും കാഴ്ചപ്പാടും താന്‍ സമൂഹത്തെ കാണുന്ന രീതിയെ കുറിച്ചും ഒരു തര്‍ക്കത്തിന്റെയും ആവശ്യമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications