സൈലന്റ് ഓഫീസര്‍; എല്ലാം ആലോചിച്ച് മാത്രം, ക്ലീന്‍ ഇമേജ്... ആരാണ് പുതിയ ഡിജിപി
തിരുവനന്തപുരം: ഏത് സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വകുപ്പാണ് ആഭ്യന്തരം. എപ്പോഴും പഴി കേള്‍ക്കുന്ന വകുപ്പ്. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളും വിവാദങ്ങളും വന്നുകൊണ്ടിരിക്കുമ്പോഴാണ് കേരള പോലീസിന് പുതിയ മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എത്തുന്നത്. സൈലന്റ്, ക്ലീന്‍ പോലീസ് ഓഫീസര്‍ എന്നാണ് ഇദ്ദേഹം സേനയില്‍ അറിയപ്പെടുന്നത്.
പോലീസ് സേനയുടെ വിവിധ വകുപ്പുകളില്‍ വ്യത്യസ്ത ചുമതലകള്‍ വഹിച്ചിട്ടുള്ള ഷൈയ്ഖ് ദര്‍വേഷ് സാഹിബ് ഇതുവരെ യാതൊരു വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടില്ല. ശുദ്ധമായ പ്രതിഛായ തന്നെയാണ് പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്. വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. നിയമം വിട്ടുള്ള കളിയില്ല.

കീഴുദ്യോഗസ്ഥര്‍ക്കെല്ലാം നല്ല അഭിപ്രായം മാത്രമാണ് ദര്‍വേഷ് സാഹിബിനെ കുറിച്ചുള്ളത്. മാത്രമല്ല, പോലീസ് സേനയില്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ അദ്ദേഹം പുലര്‍ത്തുന്നുമില്ല. ആഭ്യന്തര വകുപ്പ് ഒട്ടേറെ ആക്ഷേപങ്ങള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ക്ലീന്‍ ഇമേജുള്ള ഓഫീസറെ നിയമിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്.
ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. നെടുമങ്ങാട് എഎസ്പിയായിട്ടാണ് സര്‍വീസ് ജീവിതം ആരംഭിച്ചത്. ഇടക്കാലത്ത് യുഎന്‍ സേവനത്തിന്റെ ഭാഗമായി വിദേശത്ത് പ്രവര്‍ത്തിച്ചെങ്കിലും കൂടുതലും കേരളത്തില്‍ തന്നെയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സുപ്രധാന വകുപ്പുകളിലേക്ക് ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു.
്ക്രമസമാധാന ചുമതലയുള്ള തസ്തിക ഒന്നാക്കി മാറ്റിയപ്പോള്‍ പിണറായി സര്‍ക്കാര്‍ ആദ്യം പരിഗണിച്ചത് ദര്‍വേഷ് സാഹിബിനെ ആയിരുന്നു. വിജിലന്‍സ് എഡിജിപിയായും പ്രവര്‍ത്തിച്ചു. രണ്ടു തവണ ക്രൈംബ്രാഞ്ച് എഡിജിപിയായി. പോലീസ് ആസ്ഥാനത്തെ എഡിജിപിയുമായി. ജയില്‍ മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായും പ്രവര്‍ത്തിച്ചു. പല ജില്ലകളിലും എസ്പിയായി. ഇത്രയൊക്കെ സുപ്രധാന പദവികള്‍ വഹിച്ചെങ്കിലും ഇതുവരെ വിവാദങ്ങളില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല.
കെ പത്മകുമാറും ദര്‍വേഷ് സാഹിബുമാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി തസ്തികയിലേക്ക് അവസാനം പരിഗണിച്ച രണ്ടു ഓഫീസര്‍മാര്‍. രണ്ടു പേരും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ചില വിവാദങ്ങളില്‍ പേരുള്‍പ്പെട്ടത് പത്മകുമാറിന് തിരിച്ചടിയായി. ദര്‍വേഷ് സാഹിബിനെ ഡിജിപിയാക്കാമെന്ന തീരുമാനം മുഖ്യമന്ത്രിയാണ് മന്ത്രിസഭയെ അറിയിച്ചത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായിട്ടാണ് ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്തത്.
ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷത്തെ സര്‍വീസ് കാലാവധിയാണ് ബാക്കിയുള്ളത്. എന്നാല്‍ പോലീസ് മേധാവിക്ക് രണ്ടു വര്‍ഷം വരെ തുടരാമെന്നാണ് ചട്ടം. ഒരു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയാണ് ചെയ്യുക. കൃഷിയോട് വലിയ കമ്പമാണ് ദര്‍വേഷ് സാഹിബിന്. ജോലി കഴിഞ്ഞാല്‍ മട്ടുപാവിലെ കൃഷിയില്‍ വ്യാപൃതനാകും. പിന്നെ വായനയും തെലുങ്ക് സിനിമകളും പ്രിയം.
ഏറെ കാലത്തിന് ശേഷമാണ് പോലീസ് മേധാവിയായി ഒരു മുസ്ലിം എത്തുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. 1999ല്‍ സത്താര്‍ കുഞ്ഞ് ഡിജിപിയായ ശേഷം ആദ്യം. സത്താര്‍ കുഞ്ഞ് ഒരു മാസം മാത്രമാണ് ഈ കസേരയിലിരുന്നത്. വിരമിക്കാനിരിക്കെയായിരുന്നു സത്താര്‍ കുഞ്ഞിന്റെ നിയമനം. സൗമ്യനായ ദര്‍വേഷ് സാഹിബിന് കേരള പോലീസിന്റെ പ്രതിഛായ മാറ്റാന്‍ സാധിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം.












Click it and Unblock the Notifications