വിഴിഞ്ഞം തുറമുഖത്ത് 2023ല്‍ കപ്പല്‍ എത്തും: സബ് സ്റ്റേഷന്‍ ഉദ്ഘാടനം അടുത്ത മാസം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് 2023 മെയില്‍ കപ്പല്‍ എത്തുമെന്ന് തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞത്ത് പദ്ധതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 മെയ് 23ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയിലാണ് തുറമുഖം സജ്ജീകരിക്കുന്നത്.
പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. പദ്ധതിയുടെ പുരോഗതി യോഗം വിലയിരുത്തി. പുലിമൂട്ട് നിര്‍മാണത്തിനായി കൂടുതല്‍ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട്ട് നിര്‍മാണത്തിന് ആവശ്യം. ഇതില്‍ 30 ലക്ഷം കല്ല് ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന കല്ല് കൂടി എത്തിക്കും. ഓരോ രണ്ടാഴ്ചകളിലും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നതിനാല്‍ വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്.

വിഴിഞ്ഞത്തെ 220 കെവി സബ് സ്റ്റേഷന്‍ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് മന്ത്രി പറഞ്ഞു. 2022 മാര്‍ച്ചില്‍ ഗേറ്റ് കോംപ്ലക്സും സെപ്റ്റംബറില്‍ വര്‍ക് ഷോപ്പ് കെട്ടിടങ്ങളും തുറന്നുകൊടുക്കാനാകും. തുറമുഖ നിര്‍മാണത്തിനുള്ള പാറയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 80 ലക്ഷം മെട്രിക് ടണ്‍ പാറയാണ് ആകെ ആവശ്യമായിട്ടുള്ളത്. ഇതില്‍ 30 ലക്ഷം മെട്രിക് ടണ്‍ ഇതിനോടകം ലഭിച്ചു. 12 ലക്ഷം മെട്രിക് ടണ്‍ പാറ കടലില്‍ നിക്ഷേപിച്ചുകഴിഞ്ഞു. 18 മെട്രിക് ടണ്‍ പദ്ധതി പ്രദേശത്തു സംഭരിച്ചിട്ടുണ്ട്. ഇവ കടലില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം നടക്കുകയാണ്. ഇതിനായി അഞ്ചു ബാര്‍ജുകള്‍ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസില്‍) ഉദ്യോഗസ്ഥര്‍, അദാനി കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍
വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വൈകുമെന്ന് സെപ്തംബറില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെയാണ് അദാനി പോര്‍ട്സ് സമയപരിധി നീട്ടി ചോദിച്ചത്. കരാറിലെ പല വ്യവസ്ഥകളും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു അദാനിയുടെ നീക്കം. എന്നാല്‍ 2023 വരെ സമയം നല്‍കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2015 ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ ആയിരം ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. അതുപ്രകാരം 2019 ഡിസംബര്‍ മൂന്നിന് വിഴിഞ്ഞത്ത് കപ്പലടുക്കേണ്ടതായിരുന്നു. എന്നാല്‍ പാറക്കല്ല് ക്ഷാമവും ഓഖിയും രണ്ട് പ്രളയവുമെല്ലാം ചൂണ്ടിക്കാട്ടി അദാനി സമയപരിധി നീട്ടി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. ഒടുവിലിപ്പോള്‍ സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് പറഞ്ഞാണ് 2024 വരെ കാലാവധി നീട്ടി ചോദിക്കുന്നത്.












Click it and Unblock the Notifications