നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്; 'അപകടസ്ഥലത്തിന് ശേഷം അര്‍ജുന്റെ ലോറി കടന്നുപോയിട്ടില്ല'
മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിന് മുന്‍പും ശേഷവുമുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ എസ് ആര്‍ ഒയില്‍ നിന്ന് നേരത്തെ തന്നെ ചിത്രങ്ങള്‍ ജില്ലാ ഭരണകൂടം ചോദിച്ചിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായതിന് 5-10 മിനിറ്റ് മുന്‍പ് ഉണ്ടായിരുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. അത് ഇന്ന് ലഭിക്കും എന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് മുമ്പ് ഈ നദിക്കരയില്‍ ഏതൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു എന്ന വിവരം ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ലഭിക്കും. പരമാവധി സൂം ചെയ്ത എച്ച്ഡി ക്വാളിറ്റിയുള്ള ദൃശ്യങ്ങള്‍ സാറ്റലൈറ്റില്‍ നിന്ന് ലഭിക്കും.

ഇത് പരിശോധിച്ചാല്‍ ഏതൊക്കെ വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്നും ഏതൊക്കെ ഒഴുകി പോകാന്‍ സാധ്യതയുണ്ട് എന്നും മനസിലാക്കാം. ഇതില്‍ അര്‍ജുന്റെ വാഹനമുണ്ടോ എന്നത് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. പൊലീസ് ഈ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് അര്‍ജുന്റെ വാഹനം ഈ പ്രദേശത്തേക്ക് കടന്ന് വന്ന സിസിടിവി ദൃശ്യമുണ്ട് എന്നാണ് വിവരം.
എന്നാല്‍ ഇവിടെ നിന്ന് എട്ട് സിസിടിവികള്‍ കടന്ന് അര്‍ജുന്റെ ലോറി കടന്നുപോയിട്ടില്ല എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യം റഡാര്‍ എത്തിച്ചിരിക്കുകയാണ്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തിരച്ചില്‍ നടത്താനാണ് ശ്രമം. അപകടസമയത്ത് അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
നേരത്തേയും ഇവിടെ പരിശോധന നടത്തിയിരുന്നതാണെങ്കിലും വാഹനം കരയിലില്ല എന്ന കാര്യം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് റഡാര്‍ ഉപയോഗിച്ച് ഇവിടെ ആദ്യം പരിശോധന നടത്തുന്നത്. അതിന് ശേഷം പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ശേഷിയുള്ള റഡാറാണ് സൈന്യത്തിന്റെ പക്കലുള്ളത്. അതേസമയം ഇന്ന് രാവിലെ മുതല്‍ സ്‌കൂബ ഡൈവേഴേ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. അതിനാല്‍ തന്നെ പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അര്‍ജുന്റെ വാഹനം പുഴയിലാകാമെന്നാണ് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയയുടേയും അനുമാനം. 99 ശതമാനവും വാഹനം കരയിലുണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കളക്ടര്‍ പറയുന്നത്.


Click it and Unblock the Notifications