അർജുനെ കാണാതായിട്ട് എട്ട് ദിവസം; കൂടുതൽ ഉപകരണങ്ങളെത്തിച്ച് ഇന്ന് പുഴയിൽ തിരച്ചിൽ
ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് എട്ടുദിവസം. ഇന്ന് കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരും. ഇന്ന് മുതൽ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചൽ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ.
ഇന്നലെ നടത്തിയ തിരച്ചലിൽ വൈകീട്ടോടെ പുഴയക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം പറഞ്ഞിരുന്നു. ഗംഗാവലി നദിക്കിടയിൽ നിന്ന് കിട്ടിയ സിഗ്നൽ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ.

പുഴയിൽ കരഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലാെക്കേറ്റർ 120 ഉം ഡീപ് സേർച്ച് മൈൻ ഡിറ്റക്ടറും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക.
ഇന്നലെ നടത്തിയ തിരച്ചിലിന് അവസാനമാണ് അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. അതേ സമയം തിരച്ചിൽ ഏഴ് ദിവസം പിന്നിട്ടിട്ടും അർജുനെ കാണാത്തത്തിൽ നിരാശയിലാണ് കുടുംബം.
തിരച്ചിലിൽ തൃപ്തിയില്ലെന്ന് അർജുന്റെ കുടുംബം പറഞ്ഞിരുന്നു. ലോറി അവിടെ ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി സംശയം ഉണ്ടെന്നും അർജുന്റെ അമ്മ പറഞ്ഞിരുന്നു. സൈന്യം വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു. ടണൽ ദുരന്തത്തിൽ പെട്ടവർ തിരികെ വന്നത് പോലെ എന്റെ മോൻ ജീവനോടെ തിരിച്ച് വരുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ഇന്നത്തോടെ അതും മാറി എന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ അമ്മ പറഞ്ഞത്. ജൂലായി 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.
അതേ സമയം കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകരെ അവിടെ നിന്ന് മാറ്റാൻ കർണാടക പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു, രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലിനെ പോലീസ് മർദ്ദിച്ചെന്ന് അർജുൻ ഓടിച്ച ലോറയുടെ ഉടമയായ മനാഫ് പറഞ്ഞിരുന്നു. ലാെക്കേഷൻ കണ്ടെത്തിപ്പോൾ മലാളികളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications