നിവിന്‍ പോളിക്കെതിരേയും പീഡന കേസ്; വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് യുവതി
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി എന്നാണ് വിവരം. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി.
നിര്‍മാതാവ് എകെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി.

വിദേശത്ത് വെച്ച് തന്നെ ചിലര്‍ പീഡിപ്പിച്ചു എന്നും നിവിന്‍ പോളിയും ആ സമയം അവിടെ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് സാധ്യമല്ലാത്തതിനാലാണ് പരാതിക്കാരിയുടെ സ്ഥലത്തെ സ്റ്റേഷനില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയതായിരുന്നു യുവതി. അപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെയും സംഘത്തിന്റേയും മുന്നിലെത്തിച്ചത് എാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും കേസില്‍ പ്രതിയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സിനിമയില്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍ രംഗത്തെത്തിയത്. സിദ്ദീഖ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, രഞ്ജിത്, സുധീഷ് എന്നിവരെല്ലാം ലൈംഗികാതിക്രമ കേസ് നേരിടുന്നുണ്ട്. എന്നാല്‍ ഒരു യുവതാരത്തിന്റെ പേരില്‍ പരാതി വരുന്നതും കേസെടുക്കുന്നതും ആദ്യമാണ്.
അതേസമയം മുകേഷ്, ഇടവേള ബാബു, അഡ്വ വി എസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ വിധി പറയും. ഉത്തരവ് വരുന്നത് വരെ ഇവരെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടന്‍ മണിയന്‍ പിള്ള രാജുവിന് എതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതിനാല്‍ താരത്തിന് പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാം.
എന്നാല്‍ മറ്റ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടിമാര്‍ രഹസ്യ മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications