Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളെ കുറിച്ച് മാനേജ്‌മെന്റ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു, മാനസികമായി പീഡിപ്പിച്ചു'; ശ്രദ്ധയുടെ പിതാവ്

കോട്ടയം: അമല്‍ ജ്യോതി കോളേജ് വിദ്യാര്‍ത്ഥി ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കേളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് പി സതീഷ് രംഗത്ത്. മകളെ കുറിച്ച് കോളേജ് മാനേജ്‌മെന്റ് തെറ്റായ കാര്യങ്ങളാണ് അറിയിച്ചതെന്ന് പിതാവ് പറഞ്ഞു. മാനേജ്‌മെന്റിന് മോശം സമീപനമായിരുന്നു. മകളെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു. മരണത്തിന് ശേഷം കോളേജില്‍ നിന്നും ആരും ബന്ധപ്പെട്ടുപോലുമില്ലെന്നും പിതാവ് പറഞ്ഞു. 24 ന്യൂസിനോടായിരുന്നു പിതാവിന്റെ പ്രതികരണം.

'പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല. തങ്ങള്‍ പ്രധാനമായി പരാതി ഉന്നയിക്കുന്നത് ആര്‍ക്കെല്ലാം എതിരെയാണോ അവരെയൊന്നും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടുപോലുമില്ല. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ചവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല'- പിതാവ് പറഞ്ഞു.

sraddha

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ശ്രദ്ധ മരണപ്പെട്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും, മരണത്തിന് കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.

പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. പല സ്വാശ്രയ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളുടെ മേല്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയും അച്ചടക്കത്തിന്റെ പേരില്‍ അനാവശ്യ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

'കാലത്തിനനുസൃതമായ തുറസ്സായ സമീപനം പല സ്ഥാപനങ്ങളും നിര്‍ഭാഗ്യവശാല്‍ പുലര്‍ത്തുന്നില്ല. അത്തരം അവസരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം ഉറപ്പാക്കാനാണ് നിയമസഭയില്‍ പാസായ യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നത്. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ഗ്രീവന്‍സ് റിഡ്രസല്‍ സംവിധാനത്തെക്കുറിച്ച് ബില്‍ വ്യക്തമാക്കിയതാണ്. ആ നിയമം ഗവര്‍ണ്ണറുടെ ഭാഗത്തുനിന്ന് ഒപ്പുവെക്കപ്പെടാതെ അവശേഷിക്കുകയാണ്.'

'വളരെ ശക്തമായ നിലയില്‍ കുട്ടികള്‍ക്ക് പരാതി കൊടുക്കാനും പ്രശ്‌നപരിഹാരത്തിനുമുള്ള സംവിധാനങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉണ്ടാവണമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതു ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളുടെ അവകാശപ്രഖ്യാപന രേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ റിലീസ് ചെയ്യും'.

'കോളേജുകളിലേക്ക് വരുന്ന കുട്ടികളെല്ലാം പതിനെട്ടു വയസ്സ് കഴിഞ്ഞ മുതിര്‍ന്നവരാണ്. ആ കാഴ്ചപ്പാടിലല്ല പല സ്ഥാപനങ്ങളും അവരോട് പെരുമാറുന്നത്. അവര്‍ വളരെ അപക്വമതികളാണെന്ന രീതിയിലാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ആരോഗ്യകരമായ സൗഹൃദത്തിന്റെ സാധ്യതകള്‍ പോലും കൊട്ടിയടച്ചു കളയുന്ന വിധത്തിലുള്ള മോറല്‍ പോലീസിംഗും സര്‍വെയ്ലന്‍സും ഒക്കെയാണ് പലയിടത്തും നടക്കുന്നത്'.

'അമല്‍ജ്യോതിയില്‍, കുട്ടിയുടെ മൊബൈല്‍ പിടിച്ചെടുത്തു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണത്. പലയിടത്തും ഇത് കണ്ടുവരികയാണ്. വിവേചനബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണിവ. കുറേക്കൂടി ഉത്തരവാദിത്തപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ചുമതലയാണ് അധ്യാപനം. വളരെ ജാഗ്രത വേണ്ട ഉത്തരവാദിത്തമാണത്'.

'കൗമാരപ്രായക്കാരുടെ ഈഗോ വളരെ ലോലമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സന്ദര്‍ഭത്തില്‍ അവ കുത്തിപ്പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പിന്നുകള്‍ വളരെ ഷാര്‍പ്പ് ആയാല്‍ അതവര്‍ക്ക് ഏറ്റെടുക്കാന്‍ പറ്റില്ല. കുട്ടികള്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത് സ്വാഭാവികമാണ്. കുട്ടികള്‍ പ്രതിഷേധിക്കുന്നത് അവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വൈകാരികതയുടെ ഭാഗമാണ്'.

'കാരണം അവരുടെ ഇടയിലെ ഒരു കുട്ടിക്കാണല്ലോ ദാരുണമായ അന്ത്യത്തിലേക്ക് പോകേണ്ടിവന്നത്. ഇനിയൊരു കുട്ടിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടികളും ബോധവല്‍ക്കരണവും അടിയന്തര ആവശ്യമാണ്. അധ്യാപകരും പ്രത്യേകിച്ച് ഹോസ്റ്റലിലെ ചുമതലയുള്ളവരുമൊക്കെ വളരെ പക്വമായ നിലയില്‍ കുട്ടികളെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്. അതാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്'.- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+