തൊണ്ടയ്ക്ക് വയ്യെന്ന് സിദ്ദീഖിന്റെ വക്കീല്‍, പഴയ ഫോണ്‍ കിട്ടുമോയെന്ന് ജഡ്ജി; ഹര്‍ജി മാറ്റി
ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും എന്ന് സുപ്രീം കോടതി അറിയിച്ചു. തൊണ്ടവേദനയായതിനാല്‍ കേസിലെ വാദം അടുത്ത ആഴ്ചത്തേക്ക് മാറ്റണം എന്ന സിദ്ദീഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയുടെ ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ഇന്ന് കോടതിയില്‍ ആരംഭിച്ചിരുന്നതാണ്. എന്നാല്‍ അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്റെ തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ട് എന്നും വാദം കേള്‍ക്കല്‍ മാറ്റിവെക്കണം എന്നും റോഹ്തഗി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസ് മാറ്റി വെക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

അന്വേഷണവുമായി സിദ്ദീഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് സിദ്ദീഖ് മറുപടി നല്‍കുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പടെ സിദ്ദീഖ് ഡി ആക്ടിവേറ്റ് ചെയ്തിരിക്കുക ആണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ചോദ്യങ്ങള്‍ക്ക് സിദ്ദീഖ് മറുപടി നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദിഖ് നല്‍കുന്നതെന്നും പ്രസക്തമായത് ഏതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കുന്നില്ല എന്നതാണ് പൊലീസ് സിദ്ദീഖിന് എതിരേ പറയുന്ന പ്രധാന ആരോപണം എന്നും പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ പറഞ്ഞു.
സിദ്ദീഖ് 2016 ല്‍ ഉപയോഗിച്ച ഐ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം തുടര്‍ച്ചയായി ആവശ്യപ്പെടുന്നെന്നും അവ കയ്യില്‍ ഇല്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനിടെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ 2016 ലെ ഫോണ്‍ ഹാജരാക്കണം എന്ന ആവശ്യത്തിലെ പ്രായോഗികതയില്‍ സംശയം പ്രകടിപിച്ചു. താനിപ്പോള്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16 ആണ്.
നേരത്തെ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ 15 കടയില്‍ മടക്കി നല്‍കിയ ശേഷമാണ് പുതിയ ഫോണ്‍ വാങ്ങിയത് എന്നും സതീഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. അതേസമയം ഫേസ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സര്‍ക്കാര്‍ ആരോപണവും സിദ്ദീഖ് തള്ളി. ഇ-മെയില്‍ വഴിയും മെസഞ്ചര്‍ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്നും അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്. നടിക്ക് വേണ്ടി അഭിഭാഷക വൃന്ദ ഗ്രോവറും സിദ്ദീഖിന് വേണ്ടി മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരും ഹാജരായി. ഹര്‍ജി മാറ്റിവെച്ചതിനാല്‍ കേസില്‍ സിദ്ദീഖിന് കോടതി നേരത്തെ നല്‍കിയ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും.












Click it and Unblock the Notifications