സിദ്ധീഖിന്റെ നീക്കങ്ങള്‍ ഇങ്ങനെ; ആദ്യം വിളിച്ചത് മോഹന്‍ലാലിനെ; അമ്മയില്‍ ഇനി ആര് പകരക്കാരന്‍
യുവനടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയുടെ ജനസെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ സിദ്ധീഖ് രാജിവെച്ച സാഹചര്യം വിശദീകരിച്ച് അമ്മ വൈസ്പ്രസിഡന്റ് ജയന്‍ ചേർത്തല. യുവനടിയുടെ ആരോപണം തന്നെയാണ് സിദ്ധീഖിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് ജയന്‍ ചേർത്തല ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.
അത്തരം ഒരു ആരോപണം വന്നയാള്‍ ഒരു സംഘടനയുടെ തലപ്പത്ത് നില്‍ക്കുന്നത് ശരിയായ കാര്യമല്ല. അതിനെ സംഘടനാപരമായും വ്യക്തിപരമായും പിന്തുണയ്ക്കാന്‍ സാധിക്കില്ല. തെറ്റ് കണ്ടുപിടിച്ചാല്‍ അതിന്റെ കൂടെ നില്‍ക്കാന്‍ സാധിക്കില്ലെന്ന കാര്യം ഇത്തരം വിഷയത്തില്‍ ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔചിത്യം കൊണ്ട് അദ്ദേഹം രാജിവെച്ചു. അദ്ദേഹം അന്വേഷണം നേരിടട്ടെ. അതിന് ശേഷം നമുക്ക് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു.

സിദ്ധീഖ് ഒഴിഞ്ഞ പശ്ചാത്തലത്തില്‍ സംഘടനയിലെ മറ്റ് ക്രീമികരണങ്ങള്‍ എന്താണെന്നൊന്നും ആലോചിച്ചിട്ടില്ല. സംഘടനയല്ലേ, മുന്നോട്ട് ചലിക്കണ്ടേ. രാജിവെക്കുന്നുവെന്ന തീരുമാനം അദ്ദേഹം ഒറ്റക്ക് എടുത്തിട്ട് നമ്മളെ അറിയിക്കുകയായിരുന്നു. സിദ്ധീഖ് ആദ്യം വിളിച്ചത് മോഹന്‍ലാലിനെയാണ്. അതിന് ശേഷം മോഹന്‍ലാല്‍ ഞങ്ങളുമായി ബന്ധപ്പെടുകയായിരുന്നുവെന്നും സിദ്ധീഖ് വ്യക്തമാക്കുന്നു.
അമ്മയുടെ മത്സരം നടക്കുമ്പോള്‍ ഇങ്ങനത്തെ ഒരു വിഷയത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കള്ളം അല്ല പറയുന്നത്. ഈ പെണ്‍കുട്ടി ഈ വിഷയം നേരത്തെ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് എന്റെ പോരായ്മയാണ്. എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇതിപ്പോള്‍ അങ്ങനെ അല്ലാലോ. ഇത്തരത്തില്‍ പബ്ലിക്ക് ആയി പറയുന്നതിന് വലിയ പ്രാധാന്യമാണുള്ളത്.
രഞ്ജിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും ഞാന്‍ ഇന്നലെ രാജിവെച്ചിട്ടുണ്ടാകും. രഞ്ജിത് സാർ എന്ന് പറയുന്നത് എനിക്ക് ഒരുപാട് പ്രതിബദ്ധതയുള്ള സംവിധായകനാണ്. സിനിമയില്‍ അവസരം തന്നിട്ടുള്ള ആളാണ്. എന്നാല്‍ അതൊക്കെ വേറെ കാര്യങ്ങളാണ്. അദ്ദേഹം മാറി നിന്ന് അന്വേഷണം നേരിടുന്നതാണ് നല്ലത്. അതിങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജയന്‍ ചേർത്തല വ്യക്തമാക്കി.
സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം നേരിട്ടതെന്നുമായിരുന്നു നടി ഇന്നലെ വ്യക്തമാക്കിയത്. സിദ്ദിഖിന്റെ 'സുഖമറിയാതെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായതെന്നാണ് നടി വ്യക്തമാക്കിയത്.
21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. അപ്പോഴൊരിക്കലും ഇയാൾ മോശമായി പെരുമാറുമെന്ന് കരുതുന്നില്ല. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. അയാൾ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞിട്ടും അയാൾ ഒരു ഉളുപ്പുമില്ലാതെ എന്റെ മുൻപിൽ വന്ന് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അതിൽ പോലും അയാൾ ലൈംഗിത ചുവയോടെ സംസാരിച്ചെന്നും നടി തുറന്ന് പറഞ്ഞു.












Click it and Unblock the Notifications