'ഒരു മന്ത്രി കെ.റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി'; 'കണ്ടിടത്തെല്ലാം കല്ലിടുന്നു'; തിരുവഞ്ചൂര്‍
കോട്ടയം: സിൽവർ ലൈൻ വിഷയത്തിൽ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്നാണ് തിരുവഞ്ചൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അത് തനിക്ക് നേരിട്ട് അറിയാം. അദ്ദേഹത്തിന് താല്‍പര്യമുള്ള ആളുകള്‍ക്ക് ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ട്. നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ; -
'ജനങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള നോട്ടമാണ് നടത്തുന്നത്. ഇന്നലെ ഒരു മന്ത്രി ചെങ്ങന്നൂരില്‍ വെച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകള്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അദ്ദേഹത്തിന്റെ താല്‍പര്യമുള്ള ആളുകളില്‍ നിന്നും മാറ്റി കൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കില്‍ പറയട്ടെ. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയട്ടെ. അത് കേരളത്തില്‍ ഉടനീളം നടന്നിട്ടുണ്ട്. താല്‍പര്യമുള്ള ആളുകള്‍ക്ക് അലൈന്‍മെന്റില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചു കൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂര്‍വ്വം ആണെന്ന് പറയാന്‍ കഴിയില്ല.' - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, റവന്യൂ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ല എന്നത് സര്‍ക്കാര്‍ മുതലെടുക്കുന്നു. സർക്കാരിന്റെ ഈ നടപടി ശരിയല്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കല്ലിടണം എങ്കില്‍ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ഇക്കാര്യത്തിൽ റവന്യൂ വിഭാഗത്തിലെ വ്യക്തികളാണ് ഉത്തരം നൽകേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചിരുന്നു.

അതേസമയം, കേരളത്തിൽ നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് യു ഡി എഫ് രംഗത്ത് എത്തിയിരുന്നു. സമരത്തിന് ഇറങ്ങുന്ന സാധാരണക്കാരെ ജയിലിലടയ്ക്കും എന്ന ഭീഷണി വിലപ്പോകില്ല. പദ്ധതിയിക്ക് എതിരെ യു ഡി എഫ് നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞു ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.

കേരളം ഇതുവരെ കാണാത്ത ജനകീയ സമരത്തിന്റെ തിരശീലയാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ പറഞ്ഞിരുന്നു. കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർലൈൻ വിരുദ്ധ സമരം. വാശിയും ധാർഷ്ട്യവുമായി മുഖ്യമന്ത്രി പോയാൽ നന്ദിഗ്രാമിൽ സംഭവിച്ചത് തന്നെ കേരളത്തിലെ സി പി എമ്മിനും സംഭവിക്കും. കല്ലുകൾ പിഴുതാൽ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്നാണു ഭീഷണി. ഇതു വിലപ്പോകിലെന്നും സതീഷൻ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.

പദ്ധതിയെ കുറിച്ചു വ്യക്തത വരുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ കല്ലിടലുമായി സർക്കാർ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കല്ലുകൾ പിഴുതെറിയണമെന്നു തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഈ സമരത്തെ ചെറുക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലെന്നു സതീശൻ പറഞ്ഞിരുന്നു.എന്നാൽ, ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും എന്നാണ് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയത്.












Click it and Unblock the Notifications