ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; വിടവാങ്ങിയത് നാടക-സിനിമാ ഗാനങ്ങളിലൂടെ കഴിവ് തെളിയിച്ച പ്രതിഭ
കോഴിക്കോട്: പ്രമുഖ സിനിമാ-നാടക പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 81 വയസായിരുന്നു. അടിക്കടി ഉണ്ടായ അപകടങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മച്ചാട്ട് വാസന്തി. ഏറെനാളായി ഇതേ സ്ഥിതിയിൽ തുടരുകയായിരുന്നു. പൂർണമായും കിടപ്പിലാണ് കഴിഞ്ഞ കുറച്ച് നാളായി അവർ കിടപ്പിലായിരുന്നു.
നാടക-സിനിമാ ഗാനങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത അനുഗ്രഹീത കലാകാരിയായിരുന്നു മച്ചാട്ട് വാസന്തി. ചെറിയ പ്രായത്തിൽ തന്നെ സിനിമാ രംഗത്ത് പാടാനുള്ള അവസരവും അവർക്ക് കൈവന്നിരുന്നു. ഗാനാലാപനത്തിന് പുറമേ നിരവധി സിനിമകളിൽ അവർ വേഷമിടുകയും ചെയ്‌തിട്ടുണ്ട്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എംഎസ് ബാബുരാജ് സിനിമകളിൽ ഉൾപ്പെടെ ഗാനം ആലപിച്ചിട്ടുണ്ട് വാസന്തി.

നേരത്തെ ഗാനാലാപന രംഗത്ത് ഉൾപ്പെടെ സജീവമായിരുന്നു എങ്കിലും വർഷങ്ങൾക്ക് മുൻപ് അടിക്കടി ഉണ്ടായ നാലോളം അപകടങ്ങളാണ് അവർക്ക് വലിയ തിരിച്ചടിയായത്. ദിലീപ് കാവ്യാ മാധവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലാൽ ജോസ് ചിത്രമായ മീശ മാധവനിലും അവർ പാടിയിട്ടുണ്ട്. ചിത്രത്തിലെ 'പത്തിരി ചുട്ടു വിളമ്പി' എന്ന ഗാനമാണ് അവർ ആലപിച്ചിരുന്നത്.
എംഎസ് ബാബുരാജിന്റെ ആദ്യ സിനിമയായ മിന്നാമിനുങ്ങിലും അവർ ഗാനം ആലപിച്ചിരുന്നു. പച്ചപ്പനംതത്തേ എന്ന തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ചത് മച്ചാട്ട് വാസന്തിയായിരുന്നു. നോട്ടം എന്ന ചിത്രത്തിൽ ഇത് വർഷങ്ങൾക്ക് ശേഷം പിന്നീട് റീമേക്ക് ചെയ്‌ത് വന്നിരുന്നു. ഇതിന്റെ ആദ്യകാലത്തെ വേർഷനിലാണ് അവർ പാടിയിരുന്നത്.
ബാബുരാജ് ഈണം നൽകിയ 'തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും', 'ആരു ചൊല്ലിടും ആരു ചൊല്ലിടും' എന്നീ ഗാനങ്ങൾ വാസന്തിയെ ശ്രദ്ധേയയാക്കിയിരുന്നു. നെല്ലിക്കോട് ഭാസ്‌കരൻ, പിജെ ആന്റണി, ബഹുദൂർ എന്നിവർക്കൊപ്പം നാടകങ്ങളിൽ സഹകരിച്ചു. ഒപ്പം കെപിഎസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി' എന്ന പ്രശസ്‌ത നാടകത്തിൽ വേഷമിടുകയും ചെയ്‌തിരുന്നു വാസന്തി.
സിനിമയിലും നാടകങ്ങളിലും പാടിയതിന് പുറമേ ആകാശവാണിയിലും ആയിരക്കണക്കിന് പാട്ടുകൾ വാസന്തി പാടിയിരുന്നു. മുൻകാല ഗായകനും റേഡിയോ ആർട്ടിസ്‌റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്‌ണന്റെയും കല്യാണിയുടെയും മകളാണ് വാസന്തി. മൃതദേഹം നാളെ രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും, ശേഷമാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.












Click it and Unblock the Notifications