ആറുവരിപ്പാത സര്‍വീസ് റോഡിലൂടെ പോയ കാറുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീണു; അപകടം മലപ്പുറത്ത്
മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66 ലെ ആറുവരിപ്പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു. മലപ്പുറം ജില്ലയില്‍ കോഴിക്കോട്- തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു.
അതേസമയം ആളപായമില്ല. സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ സര്‍വീസ് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കും ഉള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

ഇതുവഴി വരുന്ന വാഹനങ്ങള്‍ വി കെ പടിയില്‍ നിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണ് എന്ന് അധികൃതര്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് സര്‍വീസ് റോഡില്‍ വെള്ളം കയറിയിട്ട് തങ്ങള്‍ പ്രതിഷേധിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയ പാത നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണം.

സാധാരണഗതിയില്‍ വലിയ വാഹന തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ഭാഗ്യവശാല്‍ ആണ് വലിയൊരു ദുരന്തം വഴിമാറി പോയത് എന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തേക്ക് എത്തിയ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനിടെ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിഷേധിക്കുകയും ചെയ്തു.
ഗൗരവതരമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി
ദേശീയപാത 66 ലെ കൂരിയാട് ഭാഗത്ത് റോഡ് നിര്‍മാണത്തിനിടെ റോഡ് തകര്‍ന്ന് വീണ സംഭവം അതീവ ഗൗരവതരമാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും മലപ്പുറം എംപി ഇടി മുഹമ്മദ് ബഷീര്‍. യാത്രക്കാര്‍ തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്നും നിര്‍മ്മാണത്തിലെ ഗുരുതരമായ അപാകതയാണ് അപകടത്തിന് പ്രധാന കാരണമായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
' ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി സംഭവിക്കുന്നുണ്ട്. എന്നാല്‍ ദേശീയപാത അധികൃതര്‍ ഗൗരവമായി ഇടപെടാറില്ല. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുമായും ദേശീയപാത ഉദ്യോഗസ്ഥരുമായും ഫോണിലൂടെ ബന്ധപ്പെടുകയും അടിയന്തര പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,' ഇടി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകപ്പിഴകള്‍ കണ്ടെത്തി പരിഹരിക്കണമെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications