അഞ്ച് ജില്ലകളില്‍ പേരിന് പോലും മുസ്ലിമില്ല; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ എന്ന് സുന്നി നേതാവ്
കോഴിക്കോട്: കോണ്‍ഗ്രസ് ഭാരവാഹികളിലെ മുസ്ലിം പ്രാതിനിധ്യം വീണ്ടും ചര്‍ച്ചയാകുന്നു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതില്‍ മുസ്ലിം പ്രാതിനിധ്യം തീരെ കുറഞ്ഞുവെന്നാണ് ആക്ഷേപം. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തുവന്നു. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറത്ത് ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ കാണിച്ച ധൈര്യം മറ്റു ജില്ലകളില്‍ കോണ്‍ഗ്രസ് കാണിച്ചില്ല എന്നാണ് വിമര്‍ശനം.
കാസര്‍കോട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിന് പോലും ഒരു മുസ്ലിമിനെ ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചില്ല എന്ന് സത്താര്‍ പന്തല്ലൂര്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ എന്നാണ് കാസര്‍കോട്ടെയും വയനാട്ടിലെയും കാര്യം സൂചിപ്പിച്ച് സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നത്. മലബാറിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം കുറയുന്നതിലെ രാഷ്ട്രീയ സന്ദേശവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടില്‍ കോണ്‍ഗ്രസ് ഒരു പുന: സംഘടന പൂര്‍ത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളില്‍ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു.
ജാതി-മത - ഗ്രൂപ്പ് - പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പുന: സംഘടനകള്‍ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോള്‍ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിനു പോലും ഒരു മുസ്ലിമില്ല.
മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാന്‍ പോലും കോണ്‍ഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോണ്‍ഗ്രസ് ഇതു ചെയ്യുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കര്‍ണ്ണാടകയിലടക്കം മുസ്ലിംകള്‍ക്ക് രണ്ട് ചോയ്‌സില്ല. എന്നാല്‍ കേരളത്തില്‍ മലബാറിനെ മാത്രമെടുത്താല്‍ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോണ്‍ഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടര്‍ഭരണം.
വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുനസംഘടനയില്‍ നേതൃത്വം ഓര്‍ത്തില്ല. കൊണ്ടറിഞ്ഞാലും ചിലര്‍ പഠിക്കില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ല.












Click it and Unblock the Notifications