'ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടുണ്ട്, സതീശനല്ല വിജയൻ', അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: സോളാര്‍ വിഷയത്തിലെ അടിയന്തര പ്രമേയത്തില്‍ സഭയില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സോളാര്‍ കേസ് രാഷ്ട്രീയ താല്‍പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമല്ല മൂന്നാമത്തെ മാസമാണ് പരാതി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ദല്ലാള്‍ വന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞ ആളാണ് താന്‍. സതീശന് അത് പറയാന്‍ സാധിക്കുമോ എന്ന് പിണറായി പറഞ്ഞു.

ദല്ലാള്‍ വന്നുവെന്നത് കെട്ടിച്ചമച്ച കഥ മാത്രമാണ്. തന്റെ അടുത്ത് വരാനുളള മാനസിക നില ഉണ്ടാകില്ല. 2016 ജൂലൈ 22നാണ് പരാതിക്കാരിയുടെ പരാതി വരുന്നത്. പ്രത്യേകമായ രാഷ്ട്രീയ താല്‍പര്യത്തോടെ കേസ് കൈകാര്യം ചെയ്തിട്ടില്ല. വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികളെടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ തട്ടിപ്പ് കേസ് യുഡിഎഫിന്റെ അഴിമതിയുടേയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ചതായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടുളള കാര്യമാണിത്.
സോളാര്‍ തട്ടിപ്പ് കേസ് യുഡിഎഫിന്റെ അഴിമതിയുടേയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ചതായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടുളള കാര്യമാണിത്. സിബിഐ സമര്‍പ്പിച്ചതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിലെ പരാമര്‍ശങ്ങളില്‍ അഭിപ്രായം ഇപ്പോള്‍ പറയാനാകില്ല. സോളാര്‍ കേസില്‍ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ പരിശോധിക്കാം.
'സോളാര്‍ തട്ടിപ്പുകേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ ആയ കേസല്ല. ആ കേസിന്‍റെ തുടക്കം മുതല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ കോണ്‍ഗ്രസ്സുകാരാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. അന്നും ഇന്നും അതുതന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യവസ്ഥാപിതമായ രീതിയില്‍ നിയമപരമായ അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടെ.
സോളാര്‍ തട്ടിപ്പു പരാതികള്‍ ഉയര്‍ന്നു വന്ന ഘട്ടത്തിലും അതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്‍റെയും അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നപ്പോഴും ഇപ്പോള്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പേരില്‍ പ്രതിപക്ഷം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ഞങ്ങളുടെ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ല.
അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയില്‍ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍നായര്‍ കോണ്‍ഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മൊഴിയില്‍ ആണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുറിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ പണം കൈമാറ്റം ചെയ്തുവെന്നാണ് അദ്ദേഹത്തിന്‍റെ മൊഴി. ഇതില്‍ എവിടെയാണ് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പങ്ക്?, മുഖ്യമന്ത്രി ചോദിച്ചു.
അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം അക്കാലത്ത് ഉന്നയിച്ചതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം പ്രസ്താവന നടത്തിയതും അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി ഒരു ഘട്ടത്തില്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയില്‍ പരാതിക്കാരിയേയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയില്‍ താന്‍ കണ്ടുവെന്ന് മുന്‍ ചീഫ് വിപ്പ് പറഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാണ്. ഇതില്‍ ഞങ്ങള്‍ എവിടെയാണ്? രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള വേട്ടയാടലുകളെക്കുറിച്ച് ഒരു സംവാദം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. സോളാര്‍ കേസില്‍ വേട്ടയാടലുകള്‍ ആരു തുടങ്ങി, ആര് തുടര്‍ന്നു എന്നുള്ളത് പകല്‍പോലെ വ്യക്തമാവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications