കുവൈത്ത് രാജകുമാരന് കേരളത്തില്‍ അപകടം
കൊച്ചി: കുവൈത്ത് രാജകുമാരന് തന്റെ സ്വകാര്യ കേരള സന്ദര്‍ശനത്തിനിടെ അപകടം. രാജകുമാരന്‍ മടങ്ങിയതിന് ശേഷമാണ് അപകടം പറ്റിയത് ആര്‍ക്കെന്ന് തിരിച്ചറിയാനായത്.
കുവൈത്ത് അമീറിന്റെ മകനായ ഷെയ്ഖ് നാസര്‍ അല്‍ സബാഹിനാണ് കായലിലെ ബോട്ട് യാത്രക്കിടെ അപകടം പറ്റിയത്. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രാജകുമാരനെ രക്ഷിച്ചത്. കുവൈത്ത് കൊട്ടാരകാര്യമന്ത്രിയാണ് അല്‍ സബാഹ്.

രാജകുമാരന്‍ സഞ്ചരിച്ച ആഡംബര ബോട്ട് കായലിലെ ഉപേക്ഷിക്കപ്പെട്ട ചീനവലയുടെ കുറ്റിയില്‍ ഇടിക്കുകയായിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോട്ട് ഇതേ തുടര്‍ന്ന് മറിയുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് ഓടിച്ചാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ബോട്ട് മണ്‍തിട്ടയില്‍ ഇടിച്ച് നിന്നപ്പോള്‍ രാജകുമാരന്‍ തന്നെ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ മണ്‍തിട്ടയില്‍ നിന്ന് കുതിച്ച ബോട്ട് ചീനവലയുടെ കുറ്റിയില്‍ ഇടിച്ചു. ഇതോടെ ബോട്ടിന്റെ ഒരു വശത്ത് വെള്ളം കയറി ചെരിയുകയായിരുന്നു.
ഔദ്യോഗികമായി അറിയിച്ചിട്ടായിരുന്നില്ല രാജകുമാരന്‍ കേരള സന്ദര്‍ശനത്തിനെത്തിയത്. ചെറായി ബീച്ചിനോട് ചേര്‍ന്ന് ഇദ്ദേഹത്തിന് സ്വന്തമായി അവധിക്കാല വസതിയുണ്ട്. ഇവിടെ ഇടക്കിടെ അദ്ദേഹം എത്താറുമുണ്ട്. കടലിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു ഇത്തവണ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെറായി കായലിലൂടെയാക്കി യാത്ര. അതിനിടെയാണ് അപകടം പിണഞ്ഞത്.
മത്സ്യത്തൊഴിലാളികള്‍ ആളറിയാതെയാണ് രാജകുമാരനെ രക്ഷിച്ചത്. കരക്കെത്തിച്ചപ്പോഴേക്കും ആഡംബരകാറുകള്‍ പാഞ്ഞെത്തി രാജകുമാരനെ കൊണ്ടുപോയി. പിന്നീട് വൈകുന്നേരം തന്നെ സ്വന്തം വിമാനത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് നാട്ടിലേക്ക് പറന്നു.












Click it and Unblock the Notifications