ടിപിയെപ്പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല: വധഭീഷണിയിൽ പ്രതികരിച്ച് തിരുവഞ്ചൂരിന്റെ മകൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെപ്പോലെ തങ്ങൾക്കും മരണ ഭയമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ. തിരുവഞ്ചൂർ രാധാകൃഷ്ണന് ഊമക്കത്തിൽ വധഭീഷണി ഉയർന്ന് മണിക്കൂറുകൾക്കകമാണ് അർജുന്റെ പ്രതികരണം. ഊമക്കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ടിപി കേസിൽ ജയിലിലുള്ള പ്രതികളിൽ ആരെങ്കിലുമായിരിക്കും കത്തിന് പിന്നിലെന്ന് ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. അർജുന്റെ പോസ്റ്റ് വായിക്കാം.
ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛൻ എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുൻപ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛൻ തിരിച്ചു പോകുകയാണ് എന്ന് പറയാൻ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്.
എന്നാൽ ഫോണിലൂടെ എന്നോട് പറഞ്ഞു 'മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാൻ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാർ സ്റ്റൈലിലാണ്.' കൂടാതെ കത്തിന്റെ ഉള്ളടക്കം കൂടി അച്ഛൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി അത് ടിപി കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കും എന്നാണ് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കത്ത് എഴുതിയത് ആരായാലും അവർ ഈ കുറിപ്പ് വായിക്കുമെങ്കിൽ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛൻ പൊതുപ്രവർത്തനരംഗത്ത് നിന്ന് പ്രവർത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർത്ഥതായോടെ യും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കിൽ തനിക്ക് ആ ചുമതല നൽകിയ പാർട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണെന്നും അർജുൻ അടിവരയിട്ട് പറയുന്നു.

ഇത്തരം ഭീഷണി കത്തുകൾ ടിപി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് . അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ. ഇനിയും അച്ഛൻ morally & legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്നും അർജുൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications