കലൂരിലെ അപകടം; ഉമ തോമസിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘം, സുരക്ഷാ വീഴ്‌ചയെന്ന് ഹൈബി
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ നിന്നുള്ള ഡോക്‌ടർമാർക്ക് ഒപ്പം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള വിദഗ്‌ധരും ഉൾപ്പെടുന്നതാണ് പുതിയ മെഡിക്കൽ സംഘമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്‌ടർമാരുടെ സംഘം അധികം വൈകാതെ കൊച്ചിയിൽ എത്തുമെന്നാണ് സൂചന. വീഴ്‌ചയുടെ ആഘാതത്തിൽ ഉമ തോമസിന്റെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്‌ടർമാരുടെ സംഘം അറിയിച്ചത്. തലച്ചോറിനേറ്റ ക്ഷതം കാരണമാണ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്നുമാണ് ഡോക്‌ടർമാർ അറിയിക്കുന്നത്. ഇത്രയും ഉയരത്തില്‍ നിന്നു വീഴുമ്പോള്‍ ഒന്നിലധികം പരിക്കുകള്‍ ശരീരത്തിൽ സംഭവിക്കാമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി കാണുന്നില്ലെങ്കിലും അതുകൊണ്ട് പരിക്ക് ഗുരുതരമല്ലെന്ന് അർത്ഥമില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.
ബോധം, പ്രതികരണം, ഓര്‍മ എന്നിവയെയൊക്കെ ബാധിക്കാവുന്ന അപകടമാണ് സംഭവിച്ചത്. സുഖം പ്രാപിക്കാന്‍ സമയം നൽകുകയാണ് വേണ്ടത്. അനിയന്ത്രിതമായ ആന്തരിക രക്തസ്രാവം നിലവിൽ കാണുന്നില്ല. മുഖത്തെ അസ്ഥിക്കും പരിക്കുകളുണ്ടെന്നും ഡോക്‌ടർമാർ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഉമ തോമസിന് ബോധമുണ്ടായിരുന്നതായും ഡോക്‌ടർമാർ അറിയിച്ചു.
അതേസമയം, അപകട വാർത്തയ്ക്ക് പിന്നാലെ മന്ത്രി സജി ചെറിയാൻ, കളക്‌ടർ, എഡിജിപി ശ്രീജിത്ത് എന്നിവർ ആശുപത്രിയിലേക്ക് എത്തിയിരുന്നു. നിലവിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ സ്ഥലത്തുണ്ടായിരുന്നു.
കലൂർ സ്‌റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ഹൈബി ഈഡൻ എംപി ആരോപിച്ചത്. ഗ്യാലറിക്ക് മുൻവശത്തായി മറ്റൊരു സ്‌റ്റേജ് നിർമ്മിച്ചായിരുന്നു പരിപാടി നടത്തിയത്. ഇത് വലിയൊരു സ്‌റ്റേജ് ആയിരുന്നില്ല. ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത് ഇവിടെയാണ്. ഇത് പരിശോധിക്കണമെന്നും ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ലെന്നും ഹൈബി ചൂണ്ടിക്കാട്ടി.
ചടങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നാണ് കമ്മീഷണർ പുട്ടവിമലാദിത്യ അറിയിച്ചത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും കമ്മീഷണർ അറിയിച്ചു. 12,000 നർത്തകർ പങ്കെടുക്കുന്ന പരിപാടി കാണാനായി എത്തിയതായിരുന്നു ഉമ തോമസ് എംഎൽഎ. പ്രമുഖ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി എംഎൽഎയ്ക്ക് അപകടമുണ്ടായത്.












Click it and Unblock the Notifications