'സത്യമറിയാതെ ചെളി വാരി എറിയുന്നു, നിയമ പോരാട്ടത്തിലൂടെ അത് തെളിയിക്കും'; മറുപടിയുമായി രഞ്ജിത്ത്
കോഴിക്കോട്: സത്യമറിയാതെയാണ് പലരും തന്നെ ആക്രമിക്കുന്നതെന്ന് സംവിധായകൻ രഞ്ജിത്ത്. പ്രമുഖ ബംഗാളി നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച ശേഷമാണ് രഞ്ജിത്തിന്റെ പ്രതികരണം. പലരും ചെളി വാരി എറിയുകയാണെന്നും തന്റെ പേരിൽ സർക്കാരിനെയും പാർട്ടിയെയും സംഘടിതമായി ആക്രമിക്കുകയാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാണിച്ചു.
'പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുകയാണ്. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്ക് കളങ്കമേൽക്കുന്ന പ്രവൃത്തി എന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവില്ല. നിയമ പോരാട്ടത്തിലൂടെ സത്യം തെളിയിക്കും' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

രാജി വയ്ക്കാനുള്ള കാരണവും രഞ്ജിത്ത് വെളിപ്പെടുത്തി. 'സർക്കാർ സ്ഥാനം തുടരുന്നതു ശരിയല്ല എന്നാണ് തീരുമാനം. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാലാണ് അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെ. ഒരു മാധ്യമ ക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ല തനിക്ക്' അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പരാതി കിട്ടിയാൽ നടപടി എടുക്കാമെന്നായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ നിലപാട്. എന്നാൽ വിവിധ കോണുകളിൽ നിന്ന് സർക്കാരിനും പാർട്ടിക്കും സമ്മർദ്ദം ശക്തമായതോടെയാണ് രഞ്ജിത്ത് രാജിവച്ചത്. ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഒഴിയണമെന്ന് അക്കാദമിയിൽ നിന്ന് തന്നെ ആവശ്യമുയർന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതിന് പുറമെ സമാനമായ ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി കൂടിയായപ്പോൾ രഞ്ജിത്തിന്റെ പതനം പൂർണമായി. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. മന്ത്രി സജി ചെറിയാനും ഇക്കാര്യം സ്ഥിരീകരിച്ചു. രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ച് വിളിച്ചുവെന്നും സർക്കാർ അത് അംഗീകരിക്കുന്നു എന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന് ശേഷമാണ് സംവിധായകന്റെ പ്രതികരണം പുറത്ത് വന്നത്.
അതേസമയം, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി രംഗത്ത് വന്നത്. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാനായി ക്ഷണിക്കുകയും അതിനിടയിൽ രഞ്ജിത്ത് മോശമായി പെരുമാറിയെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഇത് വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. തുടർന്ന് അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവയ്ക്കണം എന്ന ആവശ്യവും ഉയർന്നിരുന്നു.












Click it and Unblock the Notifications