സംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ
അംബാസഡര്‍ കാലത്തുള്ളതാണ് ഈ ചട്ടം എന്നതാണ് ശ്രദ്ധേയം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് വി ഡി സതീശന്‍ ഉപയോഗിച്ച കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വി ഡി സതീശന് പുതിയ കാര്‍ അനുവദിച്ചിരിക്കുന്നത്.
ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാര്‍ ആയിരുന്നു വി ഡി സതീശനും ഉപയോഗിച്ചിരുന്നത്. 22 ലക്ഷം രൂപ മുതല്‍ വിലയുള്ള കാര്‍ ആണ് ഇന്നോവ ക്രിസ്റ്റ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് പ്രതിപക്ഷ നേതാവിന്റെ കാര്‍ ഉള്ളത്.

യുഡിഎഫ് ധവളപത്രം ഇറങ്ങിയിട്ട് മണിക്കൂറുകള്‍ മാത്രം
അതേസമയം കഴിഞ്ഞ ദിവസമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കി എന്ന് യു ഡി എഫ് ആരോപിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് എതിരെ ധവളപത്രവും യു ഡി എഫ് പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടിക്ക് ആംബുലന്‍സ് അടക്കം 28 സുരക്ഷാ വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ധവള പത്രത്തില്‍ യു ഡി എഫ് കുറ്റപ്പെടുത്തിയിരുന്നു.

മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ വേണ്ട
മാത്രമല്ല മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ മാത്രം ഏഴ് കാറുകള്‍ വാങ്ങി എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാര്‍ പുതിയ വാഹനം അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ വി ഐ പി സേവനത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ടൂറിസം വകുപ്പ് ചട്ടത്തില്‍ പറയുന്നത്.

അംബാസഡര്‍ കാലത്തെ ചട്ടം
ഇത് അനുസരിച്ചാണ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും എല്ലാം വാഹനങ്ങള്‍ മാറ്റുന്നത്. എന്നാല്‍ ഇത് അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലത്തുണ്ടായിരുന്ന ചട്ടമാണ് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനം കടക്കെണിയിലാണ് എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിനിടെ സര്‍ക്കാര്‍ നടത്തുന്ന പല കാര്യങ്ങളും പണം ധൂര്‍ത്തടിക്കലാണ് എന്ന് പ്രതിപക്ഷം വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

കടക്കെണിയിലല്ലെന്ന് സര്‍ക്കാര്‍
ഇതിന്റെ പിന്നാലെ ആണ് യു ഡി എഫ് ധവള പത്രം പുറത്തിറക്കിയത്. ഫെബ്രുവരി 3 ന് സംസ്ഥാന ബജറ്റ് വരാനിരിക്കെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് യു ഡി എഫ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ചെയ്യുന്നത്.












Click it and Unblock the Notifications