ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം, പോരിനിടയിലും പണം അനുവദിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: രാഷ്ട്രീയ പോര് രൂക്ഷമായിട്ടും ഗവര്‍ണറുടെ ക്രിസ്്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചിരിക്കുന്നത്. പത്താം തിയതിയായിരുന്നു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. എട്ടാം തിയതി തന്നെ പണം അനുവദിച്ച് ഉത്തരവിറങ്ങി.
അതേസമയം ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പക്ഷേ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. നവകേരള സദസ്സിന്റെ ഭാഗമായി ഇവര്‍ തിരക്കിലായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. അതേസമയം സംസ്ഥാനത്ത് എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദവും ശക്തമായിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേരത്തെ ഇതിന്റെ പേരില്‍ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ സംസ്ഥാനത്തുള്ള ഒരു ക്യാമ്പസ്സിലും കാലുകുത്തിക്കില്ലെന്നാണ് പറഞ്ഞത്. ഈ മാസം പതിനാറിന് കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ 18 വരെ താമസിക്കുന്നത് സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എസ്എഫ്‌ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടായതായും രാജ്ഭവന്‍ അറിയിച്ചിരുന്നു. കാറിന്റെ പിന്നിലെ ഗ്ലാസിനാണ് നാശനഷ്ടമുണ്ടായതെന്നും രാജ്ഭവന്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നു.












Click it and Unblock the Notifications