'സിപിഎം ജനങ്ങളിൽ നിന്ന് അകന്നു, പിണറായിയുടെ ധാർഷ്ട്യം തിരിച്ചടിയായി'; ആഞ്ഞടിച്ച് സമസ്‌ത മുഖപത്രം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ലീഗിനെ പുകഴ്ത്തിയും സമസ്‌ത മുഖപത്രമായ സുപ്രഭാതം രംഗത്ത്. സിപിഎം ജനങ്ങളിൽ നിന്ന് അകന്നുവെന്നും പിണറായി വിജയന്റെ ധാര്ഷ്ട്യം തിരിച്ചടിയായെന്നുമാണ് ഇകെ വിഭാഗം സമസ്‌തയുടെ മുഖപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയവും സിപിഎമ്മും സർക്കാരും എടുത്ത ജനവിരുദ്ധ നടപടികളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ലേഖനത്തിൽ പറയുന്നു. ജനമനസുകളിൽ നിന്ന് എന്തുകൊണ്ട് എൽഡിഎഫ് പിഴുതെറിയപ്പെട്ടു എന്നത് വിശകലന വിധേയമാക്കേണ്ടതാണെന്ന് ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്.

തൊഴിലാളി പാർട്ടിയായ സിപിഎം എത്രമാത്രം സാധാരണ ജനങ്ങളിൽനിന്ന് അകന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു പാഠമെന്ന് ലേഖനം ചൂണ്ടികാണിക്കുന്നു. തുടർച്ചയായി സർക്കാരും സിപിഎമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടും ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അത് തുടരുന്നതാണ് തിരിച്ചടിക്ക് കാരണമെന്നും ലേഖനം പറയുന്നു.
ആരോഗ്യ മേഖലയിലെ ഉൾപ്പെടെ വിഷയങ്ങൾ തിരിച്ചടിയായെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ പൊതുവിതരണ മേഖല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളും കുത്തഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
ആഭ്യന്തര വകുപ്പിനെയും ലേഖനം നിശിതമായി വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരത്തിന്റെ ചുമതലയെങ്കിലും പോലീസ് രാജിൽ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. ക്ഷേമപെൻഷനു വേണ്ടി വയോജനങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതു സർക്കാരിന് കഴുകിക്കളയാനാവില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വസ്‌തുത എന്തെന്നാൽ പല ഘട്ടങ്ങളിലും സമസ്‌തയുമായി ഇടഞ്ഞു നിന്നിരുന്ന ലീഗിനെ പുകഴ്ത്തി എന്നതാണ്. മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ വിജയം എടുത്തു പറയേണ്ടതാണ്. ഓരോ ജനവിധിയും ഉയരങ്ങളിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന് മാത്രം അവകാശപ്പെടാനാകുന്ന സവിശേഷതയാകുകയാണെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ അടുത്ത കാലങ്ങളിൽ സിപിഎമ്മുമായും സർക്കാരുമായും ഏറെ അടുപ്പം പുലർത്തുകയും സർക്കാർ അനുകൂല നിലപാടിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌ത സമസ്‌ത മുഖപത്രം നയം മാറ്റാറുകയാണോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച ലീഗിനെ പുകഴ്ത്തിയ നടപടി ഉൾപ്പെടെ സംശയത്തിന് മൂർച്ച കൂട്ടുകയാണ് ചെയ്യുന്നത്.
ലീഗിനെ മാത്രമല്ല യുഡിഎഫിനെ ആകെ പുകഴ്ത്തിയാണ് ലേഖനം അവസാനിപ്പിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യത കൂടുതൽ വർധിപ്പിക്കുന്ന ഫലങ്ങളാണ് ഇത്തവണത്തേത് എന്നും ലേഖനത്തിൽ പരാമർശമുണ്ട്. ഇതുൾപ്പെടെ കൂട്ടിവായിക്കുമ്പോൾ സമസ്‌ത നിലപാട് മയപ്പെടുത്തിയോ എന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യം.












Click it and Unblock the Notifications