വന്നത് ആംബുലന്‍സില്‍ തന്നേയല്ലേ? ചോദ്യമുന്നയിച്ച മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ ഡയലോഗ് 'മൂവ് ഔട്ട്'
തൃശൂർ: തൃശൂർ പൂരം മുടങ്ങിയ സമയത്ത് പൂര നഗരിയിലേക്ക് എത്തിയതെങ്ങനെയെന്ന ചോദ്യങ്ങളോട് മുഖം തിരിച്ച് സുരേഷ് ഗോപി. ക്ഷേത്ര പരിസരത്തേക്ക് എത്തിയത് ആംബുലന്‍സിലാണോയെന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 'മൂവ് ഔട്ട്' എന്ന പ്രതികരണം മാത്രമാണ് നടത്തിയത്. കൊച്ചിയിലെ ഒരു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് വിവാദ വിഷയത്തില്‍ പ്രതികരണം തേടിയത്.
തൃശൂർ പൂര സ്ഥലത്തേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് സ്ഥലം എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താന്‍ പൂര നഗരിയില്‍ വന്നത് ആംബുലന്‍സിലല്ല, അങ്ങനെ കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരിക്കും എന്ന് പറഞ്ഞ സുരേഷ് ഗോപി വേദിയിലിക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തിരുത്തുകയും ചെയ്തിരുന്നു.

സുരേന്ദ്രന്‍ വിശ്വസിക്കുന്നത് പോലെ താന്‍ ആംബുലന്‍സിലല്ല പൂരസ്ഥലത്തേക്ക് പോയത്. ബി ജെ പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലായിരുന്നു ഞാന് സന്ദർശിച്ചത്. പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ് ഞാന്‍ അവിടെ പോയത്. ഞാന്‍ ആംബുലന്‍സില്‍ പോയോ ഇല്ലയോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായി പോലീസി അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അതിനി സി ബി ഐ വരണം. സി ബി ഐയെ ക്ഷണിച്ച് വരുത്താന്‍ സർക്കാർ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കാറിലാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറയുന്നുണ്ടെങ്കിലൂം അന്ന് ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം പൂര സ്ഥലത്തേക്ക് ആംബുലന്‍സില്‍ വരുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിക്കുകയായിരുന്നു. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന് അന്ന് തന്നെ യു ഡി എഫും എല്‍ ഡി എഫും ആരോപിച്ചിരുന്നു.
അതേസമയം, സുരേഷ് ഗോപി പൂര സ്ഥലത്തേക്ക് വന്നത് ആംബുലന്‍സിലാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പറഞ്ഞിട്ടില്ലേയെന്നായിരുന്നു പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. ആംബുലന്‍സില്‍ വന്നാലും ഹെലികോപറ്ററില്‍ വന്നാലും തൃശൂർ പൂരം കലക്കാനുള്ള ഒരു ശ്രമം ബി ജെ പിയും സി പി എമ്മും നടത്തിയിരുന്നു. അതിന്റെ ഒരു തുടർച്ചയാണ് ഇപ്പോള്‍ പാലക്കാടും കണ്ടുകൊണ്ടരിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.












Click it and Unblock the Notifications