'സുരേഷ് ഗോപി 10.30 യ്ക്കല്ല ഇനി രാവിലെ 9 ആകുമ്പോൾ തന്നെ ജയിക്കും'; എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നതോടെ തൃശൂരിൽ ബി ജെ പിയുടെ ജയം ഏറെക്കുറെ ഉറപ്പായെന്ന് എ പി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധിയുടെ കോൺഗ്രസിൽ ആർക്കും പ്രതീക്ഷ ഇല്ല. ആകെ പ്രതീക്ഷയുള്ളത് കെ സി വേണുഗോപാലിന് മാത്രമാണ്. കേരളത്തിൽ കൂടുതൽ നേതാക്കൾ ഉടൻ ബി ജെ പിയിൽ എത്തുമെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

'കേരളത്തിലെ കോൺഗ്രസ് തറവാട്ടിലെ എല്ലാമെല്ലാമായ കരുണകരന്റെ മകളാണ് ബി ജെ പിയിൽ ചേർന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിലെ നേതാക്കൾ വന്നു കൊണ്ടിരിക്കുകയാണ്. പല കോൺഗ്രസ് നേതാക്കളുടേയും മനസ് കോൺഗ്രസിനൊപ്പമാണ്', അബ്ദുള്ളക്കുട്ടി പറഞ്ഞു.
പത്മജ ചേരുന്നതോടെ തൃശൂരിൽ ബി ജെ പിയുടെ ജയം ഏറെ കുറെ ഉറപ്പായി. സുരേഷ് ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കുമെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ എൻ ഡി എയും എൽ ഡി എഫും തമ്മിലാണ് മത്സരമെന്ന് മുന്നണി കൺവീനർ ആയ ഇ പി ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും താൻ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന കാര്യം ദേശീയ നേതൃത്വമാണ് സ്ഥിരീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ പത്മജയുടെ ബി ജെ പി പ്രവേശനത്തിനെതിരെ സഹോദരനും എംപിയുമായ കെ മുരളീധരൻ രൂക്ഷമായി പ്രതികരിച്ചു. വർഗീയ പാർട്ടിയുമായി കൂട്ടുകൂടാനുള്ള സഹോദരിയുടെ തീരുമാനത്തോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.
'സഹോദരിയുമായി ഇനി യാതൊരു ബന്ധവുമില്ല. പാർട്ടിയെ ഒരു ഘട്ടത്തിൽ ചതിച്ചവരുമായി ഒരു തരത്തിലും സഹസകരിക്കില്ല',അദ്ദേഹം പറഞ്ഞു. ചാലക്കുടിയിൽ പത്മജ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നുള്ള വാർത്തകളേയും മുരളീധരൻ പരിഹസിച്ചു. പത്മജ മത്സരിച്ചാൽ നോട്ടയ്ക്കാണോ ബി ജെ പിക്കാണോ വോട്ടുകൾ കിട്ടുകയെന്ന് കാണാമെന്നായിരുന്നു മുരളീധരന്റെ പരിഹാസം.
സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബി ജെ പിയിലേക്ക് പോകുന്നതെന്നാണ് പത്മജയുടെ വാക്കുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരോട് അവർക്ക് അതൃപ്തിയുണ്ടായിരുന്നു. അതേസമയം ഇന്ന് അവർ ഡൽഹിയിൽ എത്തുമെന്നും ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications