മൂന്നാറിലെ പാർട്ടി ഓഫീസിന്റെ മുന്നിലിരുന്നാണ് ചന്ദ്രു അത് പറയുന്നത്:സിനിമയെ പ്രകീര്‍ത്തിച്ച് എംഎല്‍എ
സൂര്യയുടെ പുതിയ ചിത്രമായ ജയ് ഭീമിനെ പ്രകീര്‍ത്തിച്ച് അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍. ചിത്രം പറയുന്ന യഥാര്‍ത്ഥ സംഭവത്തില്‍ ഇടതുപക്ഷം ഇടപെട്ട് നടത്തിയ സമരത്തേയും അതില്‍ പങ്കെടുത്ത സഖാക്കളേയും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. രാജാക്കണ്ണ് കേസിലെ അനീതി വെളിച്ചത്തു കൊണ്ടുവരാൻ പൊരുതിയ നിരവധി സഖാക്കളുണ്ട്. ഇവരാരും സിനിമക്കായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളല്ല.
രജിഷ വിജയൻ അവതരിപ്പിച്ച മൈത്രയുടെ കഥാപാത്രത്തിൽ തുടങ്ങി, അന്നത്തെ സിപിഐഎം കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായ സ. ഗോവിന്ദൻ, താലൂക്ക് സെക്രട്ടറി ആയിരുന്ന സ. രാജ്മോഹൻ , ഇപ്പോൾ സിപിഐഎം തമിഴ്നാട് സംസ്ഥാനസെക്രട്ടറിയായ അന്നത്തെ വിരുദാചലം ജില്ലാ സെക്രട്ടറി ആയിരുന്ന സ. കെ ബാലകൃഷ്ണൻ വരെയുള്ളവർ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാജ്യത്തിന്റെ അങ്ങ് വടക്കേയറ്റത്ത്, ഗുജ്ജാർ എന്ന നാടോടി വിഭാഗത്തിൽപ്പെട്ട കത്വയിലെ കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതി ഏറ്റെടുത്ത് ആ കുടുംബം നേരിട്ട കൊടിയ അനീതി രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന യൂസഫ് തരിഗാമി. ഇങ്ങ് തെക്കേയറ്റത്ത് രാജാക്കണ്ണിനായി വിലപിക്കുന്ന സെങ്കണി(പാർവതി)യോടൊപ്പം അവൾക്കും കുഞ്ഞിനും നീതി ഉറപ്പാക്കാനായി ഇറങ്ങിത്തിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് മാനവികതയാണ്.

രണ്ട്, അവരുടെ കൈകളിലേന്തിയ ചെങ്കൊടിയാണ്.
നിങ്ങളെ പോലുള്ളവർക്ക് നീതി കിട്ടുന്ന ദിവസം തനിക്ക് സുഖമായി ഉറങ്ങാൻ കഴിയുമെന്നും അതാണ് തനിക്കുള്ള ഫീസെന്നും വക്കീൽ ഫീസ് നൽകാനില്ലെന്ന് സങ്കടത്തോടെ പറയുന്ന സെങ്കണിക്ക് മറുപടി നൽകുന്നുണ്ട് അഡ്വ. ചന്ദ്രു. സിപിഐഎമ്മിന്റെ മൂന്നാറിലെ പാർട്ടി ഓഫീസിന്റെ മുന്നിലിരുന്നാണ് ചന്ദ്രു അത് പറയുന്നത്. ചന്ദ്രുവിനെക്കൊണ്ട് ആ വാക്കുകൾ പറയിപ്പിക്കുന്ന വലിയ ആശയം ലോകത്തിന് സമ്മാനിച്ച മാർക്സും ലെനിനും കൂടി ചേർന്നാലെ ജയ് ഭീം പൂർത്തിയാകുന്നുള്ളൂ. അവസാനസീനിലടക്കം സിനിമയിലുടനീളം അത് പറയാതെ പറയുന്നതാണ് സംവിധായകന്റെ ബ്രില്യൻസ്.

ഡിവൈഎഫ്ഐയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റഹിം സഖാവുമായി ഹർഷൻ നടത്തിയ ഒരു അഭിമുഖം കഴിഞ്ഞ ദിവസമാണ് കണ്ടത്. ഡിവൈഎഫ്ഐ കേരളത്തിൽ നടപ്പിലാക്കിയ ഹൃദയപൂർവം പദ്ധതിയെക്കുറിച്ച് റഹിം അതിൽ പറയുന്നുണ്ട്. തനിക്ക് ആൾക്കൂട്ടത്തിനിടെ കണ്ടു പോലും പരിചയമില്ലാത്ത ഒരാളുടെ വിശപ്പ് മാറ്റാനായി തന്റെ ജോലിയോ ക്ലാസോ ഒഴിവാക്കി ആ പദ്ധതിക്കായി പ്രവർത്തിക്കാനിറങ്ങുന്ന തന്റെ സഖാക്കളെക്കുറിച്ച് അഭിമാനത്തോടെ റഹിം പറയുന്നുണ്ട്. ദുരിതകാലത്ത് നാടിന് തുണയാകാൻ ആക്രി ശേഖരിക്കാൻ സന്നദ്ധരായ ചെറുപ്പക്കാരെക്കുറിച്ച് ആവേശത്തോടെ വാചാലനാകുന്നുണ്ട് റഹിം. അവനവനു വേണ്ടിയല്ലാതെ അപരനു വേണ്ടി തന്റെ യുവത്വം നൽകാൻ തയ്യാറാകുന്ന കുറെ ചെറുപ്പക്കാരെ നാടിന് സമ്മാനിക്കുന്ന ഈ രാഷ്ട്രീയപ്രവർത്തനമാണ് വലിയ നേട്ടമായി റഹിം പങ്കുവെക്കുന്നത്.

ഇരുളർക്ക് വിദ്യ പകർന്ന് നൽകാനായി, പ്രതിയെ കിട്ടാത്ത കേസുകളിൽ ചാർജ് ചെയ്ത് പിന്നെയും പിന്നെയും ജയിലിലിടുന്നവർക്ക് നിയമസഹായം എത്തിക്കുന്നതിനായി, ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപ്രതിരോധം തീർക്കുന്നതിനായി, സെങ്കണിക്കും മകൾക്കും ആദ്യാവസാനം അത്താണിയായുമൊക്കെ 'ജയ് ഭീം' സിനിമയിൽ നിറയുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. രാജാക്കണ്ണ് കേസിലെ കൊടിയ അനീതി വെളിച്ചത്തു കൊണ്ടുവരാൻ പൊരുതിയ സഖാക്കൾ. ഇവരാരും സിനിമക്കായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളല്ല. രജിഷ വിജയൻ അവതരിപ്പിച്ച മൈത്രയുടെ കഥാപാത്രത്തിൽ തുടങ്ങി, അന്നത്തെ സിപിഐഎം കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായ സ. ഗോവിന്ദൻ, താലൂക്ക് സെക്രട്ടറി ആയിരുന്ന സ. രാജ്മോഹൻ , ഇപ്പോൾ സിപിഐഎം തമിഴ്നാട് സംസ്ഥാനസെക്രട്ടറിയായ അന്നത്തെ വിരുദാചലം ജില്ലാ സെക്രട്ടറി ആയിരുന്ന സ. കെ ബാലകൃഷ്ണൻ വരെയുള്ളവർ.

ഇങ്ങനെ ഇങ്ങനെ നമ്മൾ അറിയാതെ പോകുന്ന എത്രയെത്ര ഇടപെടലുകളാണ് ചെങ്കൊടിയേന്തിയ മനുഷ്യർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ദൈനംദിനം ഏറ്റെടുക്കുന്നത്. മനുഷ്യർ നേരിടുന്ന അനീതിയും ചൂഷണവുമാകും അത്തരം ഇടപെടലുകളുടെ മാനദണ്ഡം. ഗുജ്ജാറുകളെയും ഇരുളരെയും പോലെ വോട്ടർ ലിസ്റ്റിൽ പോലും പേരുണ്ടാകണമെന്നില്ല ആ മനുഷ്യർക്ക്.
Recommended Video

അതുകൊണ്ടു തന്നെ വോട്ടുകണക്കിന്റെ ബാലൻസ് ഷീറ്റുകളിൽ കണ്ടെന്ന് വരില്ല ആ ഇടപെടലിന്റെ റിസൾട്ടുകൾ. എല്ലാ ഇടപെടലുകളും പത്രത്താളുകളുടെ പ്രാദേശികപേജിൽ പോലും ഇടംപിടിച്ചേക്കില്ല. പക്ഷെ, ഏത് ദേശത്തിന്റെയും അവസാനകോണിലും കണ്ണീരൊപ്പാൻ ആ ചെങ്കൊടി ഏന്തിയവരുണ്ടാകും. ചെങ്കൊടിപ്രസ്ഥാനത്തിന്റെ പ്രസക്തി അതാണ്. മനുഷ്യനുള്ളിടത്തോളം മരിക്കില്ല ആ പ്രസ്ഥാനം. നീതി തേടിയുള്ള പോരാട്ടങ്ങൾ തുടരുവോളം അത് കാലഹരണപ്പെടില്ല.












Click it and Unblock the Notifications