സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം; വന്‍ വെളിപ്പെടുത്തലുമായി സ്വപ്‌ന, വൈകീട്ട് ലൈവില്‍ വരും
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലാണ് അവര്‍ ഇക്കാര്യം പരസ്യമാക്കിയത്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറംലോകത്തോട് പറയാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഫേസ്ബുക്ക് ലൈവില്‍ വരുമെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ആര്‍ക്കൊക്കെ വിനയാകുമെന്നാണ് ഇനി അറിയേണ്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകീട്ട് അഞ്ച് മണിക്ക് ലൈവില്‍ വരും- എന്നാണ് സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. വനിതാ ദിനത്തില്‍ സ്വപ്‌ന സുരേഷ് പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പുതിയ നീക്കം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ ഒരു സ്ത്രീയും എന്നെ പിന്തുണച്ചില്ല. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങിയ കാര്യങ്ങളാണ് വനിതാ ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ സ്വപ്‌ന സുരേഷ് സൂചിപ്പിച്ചത്.
മുമ്പും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പല കാര്യങ്ങളും വെളിപ്പെടുത്തിയ വ്യക്തിയാണ് സ്വപ്‌ന സുരേഷ്. അവരുടെ വെളിപ്പെടുത്തലാണ് ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇപ്പോള്‍ ജയിലിലാണ്. ലൈഫ് മിഷന്‍ അഴിമതി കേസിലാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 23 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തില്‍ നാലര കോടി രൂപ കോഴയായി തട്ടിയെടുത്തു എന്നാണ് കേസ്. സ്വപ്‌ന, സരിത്ത് എന്നിവര്‍ കേസില്‍ പ്രതികളാണ്. സിഎം രവീന്ദ്രനെതിരെ ഇരുവരും നേരത്തെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications