ആ പറഞ്ഞത് ശരിയായില്ല: കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പരാതിപ്പെടാന്‍ ജോസഫ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം കാഴ്ചവെച്ച പ്രകടനം സംബന്ധിച്ച് സിപിഐ നടത്തിയ വിലയിരുത്തല്‍ എല്‍ഡിഎഫില്‍ വലിയ അസ്വാരസ്യങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ജോസ് കെ മാണിക്ക് ജനസ്വാധീനം ഇല്ലാത്തതാണ് പാലായിലെ തോല്‍വിക്ക് കാരണം എന്നതടക്കമുള്ള പരാമര്‍ശങ്ങളില്‍ സിപിഐക്കെതിരെ സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്.
അതേസമയം തന്നെ മുന്നണി വിട്ടെങ്കിലും മറുവശത്ത് യുഡിഎഫിലും കേരള കോണ്‍ഗ്രസ് എം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന പരാതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയിലെ പ്രധാന കാരണങ്ങളില്‍ ഒന്നായി കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കെപിസിസി നിയോഗിച്ച സമിതിയായിരുന്നു ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. എന്നാല്‍ ഇതിനെതിരെ വലിയ അമര്‍ഷമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടാവുന്നത്.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

കോണ്‍ഗ്രസിന്റെ കണ്ടെത്തലിനെതിരെ യുഡിഎഫിന് പരാതി നല്‍കാനാണ് പിജെ ജോസഫ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിലും ജോസഫ് വിഭാഗം തങ്ങളുടെ പ്രശ്നം ഉന്നയിക്കും. വ്യാഴാഴ്ച കോട്ടയത്ത് നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാൻ പാർട്ടിയുടെ നേതൃയോഗം തീരുമാനിച്ചെങ്കിലും പിന്നീടത് മാറ്റിവെക്കേണ്ടി വന്നിരുന്നു.

പാർട്ടിക്ക് വേണ്ടത്ര പ്രാതിനിധ്യം മുന്നണിയില്‍ ആവശ്യപ്പെടാനും സഖ്യത്തിന്റെ നിയമസഭാതല സമിതികൾ പുനഃസംഘടിപ്പിക്കാനും കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മേഖലകളിൽ കമ്മറ്റികളെ നയിക്കാൻ കേരള കോണ്‍ഗ്രസിനെ മുന്നണി ചുമതലപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.

കെപിസിസി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ മോന്‍സ് ജോസഫ് എംഎൽഎ, യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തുടങ്ങിയ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഇതിനോടകം തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര്‍ ഉള്‍പ്പടെ പരാജയത്തിന് കാരണമായെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരിച്ചടിക്കുന്നത്. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉണ്ടായ ചേരിപ്പോരിലും പാർട്ടി അസ്വസ്ഥരാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തിരിച്ചടി നേരിടുമ്പോഴും എക്കാലത്തും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുന്ന ജില്ലയായിരുന്നു കോട്ടയം. എന്നാല്‍ ഇത്തവണ അതിന് മാറ്റം വന്നു. 2016 ല്‍ ജില്ലയില്‍ ആകെയുള്ള 9 സീറ്റില്‍ 6 ഇടത്തായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. എല്‍ഡിഎഫ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജും വിജയിച്ചു.

എന്നാല്‍ ഇത്തവണ ജില്ലയില്‍ എല്‍ഡിഎഫ് 5 സീറ്റില്‍ വിജയിച്ചപ്പോള്‍ യുഡിഎഫ് നാലിലേക്ക് ഒതുങ്ങി. കോട്ടയം, പുതുപ്പള്ളി സീറ്റില്‍ കോണ്‍ഗ്രസും പാലാ സീറ്റില്‍ മാണി സി കാപ്പനും വിജയിച്ചപ്പോള്‍ കടുത്തുരുത്തിയില്‍ മാത്രമായിരുന്നു ജോസഫ് വിഭാഗത്തിന് വിജയിക്കാന്‍ സാധിച്ചത്.

അതേസമയം, വ്യാഴാഴ്ച നടന്ന യു ഡി എഫ് ജില്ലാ കമ്മിറ്റി യോഗം പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സജി മഞ്ഞക്കടമ്പൻ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം എം. ഹസ്സൻ, കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം, എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മണി സി.കപ്പൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications