പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയും ശ്രീനിവാസനും തമ്മിലുള്ള 'കണക്ഷന്‍'; 2003-ല്‍ കൊച്ചിയില്‍ പറഞ്ഞത്
കൊച്ചി: മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്‍കിയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അരങ്ങൊഴിയുന്നത്. കാലാതീതമായി ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളുടെ രചയിതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നത്. അദ്ദേഹം രചിച്ച നര്‍മ്മ സംഭാഷണങ്ങളും ആക്ഷേപ ഹാസ്യങ്ങളും മലയാളി ദൈനംദിന ജീവിതത്തിലെ സംഭാഷണങ്ങള്‍ എന്ന പോലെയാണ് ഉപയോഗിക്കുന്നത്. ശ്രീനിവാസിന്റെ സിനിമകളും മലയാളിയുടെ ജീവിതവും തമ്മില്‍ ഒരിക്കലും സമാന്തരമായി നിന്നിരുന്നില്ല. മലയാളിയുടെ അപകര്‍ഷതാ ബോധവും അരക്ഷിതാവസ്ഥയും രാഷ്ട്രീയ ബോധവും ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം അതേപടി പ്രതിഫലിച്ചത് ശ്രീനിവാസന്റെ തൂലികയിലൂടെ ആയിരുന്നു.
ശ്രീനിവാസന്റെ സിനിമകളിലെ ആക്ഷേപ ഹാസ്യം ദേശീയ തലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ തൂലികയില്‍ പിറന്ന ചിത്രമായിരുന്നു വരവേല്‍പ്പ്. ഈ ചിത്രവും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും തമ്മിലൊരു കൗതുകകരമായ ബന്ധമുണ്ട്. കേരളത്തിലെ സാമൂഹിക അന്തരീക്ഷം വളരെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ചിത്രമായിരുന്നു വരവേല്‍പ്പ്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ഒരു സംരംഭകന്റെ വളര്‍ച്ചയെ എങ്ങനെ നശിപ്പിക്കുന്നു എന്നതായിരുന്നു മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിന്റെ പ്രമേയം.

കേരളത്തില്‍ എത്തുന്ന അവസരങ്ങളില്‍ എല്ലാം മലയാളത്തില്‍ പ്രസംഗിക്കുന്നത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സവിശേഷതയായിരുന്നു. 2003-ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ (ജിം) വരവേല്‍പ്പ് എന്ന സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഈ സിനിമയെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കി. വാജ്പയിയുടെ പ്രസംഗം അന്നത്തെ നിറഞ്ഞ സദസ് വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.
കേരളത്തിലെ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ വിവരിക്കാന്‍ വാജ്‌പേയി തിരഞ്ഞെടുത്തത് വരവേല്‍പ്പ് എന്ന ചിത്രമായിരുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരവും തൊഴിലാളി യൂണിയനുകളുടെ അനാവശ്യമായ ഇടപെടലുകളും എങ്ങനെ ഒരു സംരംഭകരെ തകര്‍ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ഈ ചിത്രത്തെ അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയത്.
ഗള്‍ഫില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടില്‍ ബസ് സര്‍വീസ് തുടങ്ങുന്ന നായകന്‍ നേരിടുന്ന പ്രതിസന്ധികളും യൂണിയന്‍ പ്രശ്‌നങ്ങളും ഒക്കെയായിരുന്നു ഈ ചിത്രത്തില്‍ കാണിച്ചത്. പലപ്പോഴും ഈ സിനിമയിലെ രംഗങ്ങളുമായി സമാനതയുള്ള അനുഭവങ്ങളാണ് യഥാര്‍ത്ഥ ജീവിതത്തില്‍ പല സംരംഭകരും നേരിട്ടിട്ടുള്ളത്. വികസനത്തിന് തടസം സൃഷ്ടിക്കുന്ന തൊഴിലാളി യൂണിയനുകളുടെ അനാവശ്യമായ സമരങ്ങളും രാഷ്ട്രീയക്കാരുടെ ഇടപെടലുകളും യഥാര്‍ത്ഥ ജീവിതത്തിലും നേരിട്ട ഒട്ടേറെ സംരംഭകര്‍ കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ പ്രമേയത്തിന് എല്ലാ കാലത്തും കേരള സമൂഹത്തില്‍ പ്രസക്തിയുണ്ട്.
തന്റെ സ്വന്തം പിതാവിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ഈ സിനിമയ്ക്ക് പ്രമേയമായതെന്ന് ശ്രീനിവാസന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി ബസ് സര്‍വീസ് തുടങ്ങിയ പിതാവിന് യൂണിയന്‍ പ്രശ്‌നങ്ങള്‍ കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications