പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; ഹരിയാന സ്വദേശികൾ പിടിയിൽ, സ്ത്രീകൾ ഉൾപ്പെടെ സംഘത്തിൽ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ഹരിയാന സ്വദേശികൾ പിടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആകെ നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അമൂല്യ പുരാവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന നിവേദ്യ ഉരുളി ഉൾപ്പെടെയാണ് സംഘം മോഷ്ട്ടിച്ചത്. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജൻ ഉൾപ്പെടെയുള്ളവരാണ് സംഭവത്തിൽ പിടിയിലായതെന്നാണ് വിവരം.
അതീവ സുരക്ഷാ മേഖലയാണ് പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ സ്ഥലം. ഇവിടെ കടന്നാണ് പ്രതികൾ മോഷണം നടത്തിയത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വ്യാഴാഴ്‌ചയാണ് സംഘം ക്ഷേത്രത്തിനുള്ളിൽ കടന്ന് നിവേദ്യ ഉരുളി മോഷ്‌ടിച്ചത്. തുടർന്ന് പ്രതികൾക്കായി വിപുലമായ അന്വേഷണമാണ് നടന്നിരുന്നത്.

ഒടുവിൽ ഹരിയാനയിൽ വച്ചാണ് ഇവർ പിടിയിലായത്. ഉച്ചയോടെ പ്രതികളെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായത് എങ്ങനെയാണെന്നും പരിശോധിക്കുന്നുണ്ട്. പോലീസിന്റെയും, കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന ക്ഷേത്രത്തിൽ വച്ചാണ് മോഷണം നടന്നത്.
ഓസ്‌ട്രേലിയൻ പൗരനാണ് പിടിയിലായ ഗണേഷ് എന്നാണ് ലഭ്യമായ വിവരം. ജനിച്ചത് ഇന്ത്യയിൽ ആണെങ്കിലും ഏറെനാളായി ഇയാൾ ഓസ്‌ട്രേലിയയിലാണ് കഴിയുന്നത്. കേരളത്തിലേക്ക് വിമാന മാർഗമായിരിക്കും പ്രതികളെ എത്തിക്കുക. ശേഷമാവും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടക്കുക.
സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്‌ടാക്കളെ കണ്ടെത്തിയത്. ക്ഷേത്രത്തിൽ അന്നേ ദിവസം സുരക്ഷാ ചുമതല വഹിച്ചിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. സുരക്ഷാ വീഴ്‌ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന് എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളാണുള്ളത്. എന്നാൽ ബി നിലവറ ഇതുവരെയും തുറക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിൽ ഏറ്റവുമധികം സമ്പത്ത് ഉണ്ടെന്ന് കരുതപ്പെടുന്ന മേഖലകളിൽ ഒന്നാണ് ബി നിലവറ.
മറ്റു അഞ്ച് നിലവറകളിൽ നിന്നായി കണ്ടെത്തിയ സമ്പത്തിന്റെ ഏകദേശ മൂല്യം 1 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവിടെയാണ് മോഷണം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെയാണ് പോലീസ് ഉൾപ്പെടെ വിഷയത്തെ നോക്കി കാണുന്നത്.












Click it and Unblock the Notifications