തിരുവനന്തപുരത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഐ; മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ ഇറക്കാൻ നീക്കം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കാൻ സി പി ഐയിൽ ആലോചന. ഇത്തവണ ശക്തനായ നേതാവിനെ പരിഗണിപ്പിച്ച് മത്സരം കടുപ്പിക്കണമെന്ന വികാരം പാർട്ടിയിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് പന്ന്യന്റെ പേര് പരിഗണിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ടീയത്തോട് വിമുഖത കാട്ടി നിൽക്കുന്ന അദ്ദേഹം മത്സരിക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
മണ്ഡലത്തിൽ സിപിഐ അവസാനമായി വിജയിച്ചത് പന്ന്യനിലൂടെയായിരുന്നു. 2005 ൽ പി കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. കെ കരുണാകരന്‍റെ ഡിഐസികെയുടെ പിന്തുണയോടെയായിരുന്നു വിജയം.
2009 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും പന്ന്യനെ മത്സരിപ്പിക്കാൻ സി പി ഐ നീക്കം നടത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് പി രാമചന്ദ്രന്‍ നായരെ സി പി ഐ മത്സരിപ്പിച്ചു. അന്ന് കനത്ത തോൽവിയാണ് സി പി ഐ നേരിട്ടത്. രാമചന്ദ്രൻ നായരെ തോല്‍പ്പിച്ച് ശശി തരൂര്‍ കന്നി ജയം നേടുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയത്തോടെ തരൂരാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. സി പി ഐ ആകട്ടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സി പി ഐയുടെ സി ദിവാകരന് 25.6 ശതമാനം വോട്ട് മാത്രമാണ് മണ്ഡലത്തിൽ ലഭിച്ചത്. ശശി തരൂര്‍ 41.19 ശതമാനം വോട്ടും രണ്ടാമതെത്തിയ ബി ജെ പിയുടെ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടുമാണ് നേടിയത്. മൂന്നാം സ്ഥാനം എന്ന നാണക്കേടിൽ നിന്നും മറികടക്കാൻ മുതിർന്ന നേതാവിനെ മത്സരിപ്പിക്കുന്നതിലൂടെയെ സാധിക്കൂവെന്നാണ് സി പി ഐ നേതൃത്വത്തിന്റെ നിലപാട്. മണ്ഡലവുമായി 40 വര്‍ഷമായുള്ള പന്ന്യന്റെ ബന്ധം കരുത്താവുമെന്നും സി പി ഐ കണക്ക് കൂട്ടുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ അദ്ദേഹം വഴങ്ങുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
അതേസമയം ഇക്കുറി തിരുവനന്തപുരത്ത് കോൺഗ്രസിന് വേണ്ടി ശശി തരൂർ തന്നെയാകും മത്സരിക്കുക. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും തരൂരിനോട് തയ്യാറെടുക്കാൻ നേതൃത്വം നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. ബി ജെ പിക്ക് വേണ്ടി ആര് മത്സരിക്കുമെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പേര് ഇവിടെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications