തിരുവനന്തപുരം ഇത്തവണയും ബിജെപിക്ക് കിട്ടില്ല? കോണ്‍ഗ്രസ് ഒരുങ്ങി തന്നെ, ശശി തരൂരിന് നിർദേശം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണയും വിജയം പ്രതീക്ഷിക്കുന്ന സീറ്റാണ് തിരുവനന്തപുരം. പലതവണ കൈകളില്‍ നിന്ന് വഴുതിമാറിപ്പോയ സീറ്റ് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാർത്ഥികളെ രംഗത്തിറക്കി പിടിച്ചെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. ഇതിനായി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പ്രമുഖ കേന്ദ്ര നേതാക്കളെ തന്നെ തിരുവനന്തപുരത്ത് പാർട്ടി മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
സീറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ ബി ജെ പി മെനയുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നരേന്ദ്ര മോദി തന്നെ തിരുവനന്തപുരത്ത് വന്ന് മത്സരിച്ചാലും ശശി തരൂർ നാലാം തവണയും ശശി തരൂർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാവുമെന്നും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവർ മത്സര രംഗത്ത് പിന്മാറണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് ഉയർത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് ശശി തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ അവർക്കും ഉയർത്തിക്കാട്ടാനില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങള്‍ക്ക് പാർട്ടിയും ശശി തരൂരിന് നിർദേശം നല്‍കി കഴിഞ്ഞു. പാർട്ടിയുടെ നിർദേശപ്രകാരം തന്‍റെ മുന്നിലുള്ളത് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നാണെന്നാണ് തരൂർ തന്നെ വ്യക്തമാക്കുന്നത്. കുറച്ചുവർഷങ്ങൾക്ക് ശേഷം രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്കായി താൻ വഴി മാറിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വീണ്ടുമൊരിക്കല്‍ കൂടി ലോക്സഭയിലേക്ക് മത്സരിക്കുമെങ്കിലും കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തന്റെ ആഗ്രഹം തരൂർ മറച്ച് വെക്കുന്നില്ല. 'കേരളമാണ് തന്‍റെ കർമഭൂമി. ശേഷകാലം ഇവിടെയാണ് ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖല മുന്നിലില്ല.' തരൂർ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടര വർഷം കൂടി ബാക്കിയുണ്ട്. ഇപ്പോഴത്തെ ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
യുഎന്‍ അണ്ടർ സെക്രട്ടറിയായിരുന്ന ശശി തരൂർ സോണിയ ഗാന്ധിയുടെ ക്ഷണ പ്രകാരമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാർട്ടി തിരുവന്തപുരത്ത് അദ്ദേഹത്തിന് സീറ്റ് നല്‍കി. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ സി പി ഐ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തരൂർ വരവ് അറിയിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി പി ഐയിലെ രാമചന്ദ്രന്‍ നായരെ ശശി തരൂർ പരാജയപ്പെടുത്തിയത്.
2014 ലെ രണ്ടാം അങ്കത്തില്‍ ശശി തരൂരിന് ബി ജെ പി സ്ഥാനാർത്ഥി ഒ രാജഗോപാലില്‍ നിന്നും ശക്തമായ മത്സരം തന്നെ നേരിടേണ്ടി വന്നു. അവസാനം വരെ മാറി മറിഞ്ഞ ലീഡ് നിലയ്ക്ക് ഒടുവില്‍ 15470 വോട്ടിനായിരുന്നു തരൂരിന്റെ വിജയം. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയായിരുന്നു പ്രധാന എതിരാളിയെങ്കിലും കുമ്മനം രാജശേഖരനെ 99989 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മൂന്നാം തവണയും ലോക്സഭയിലേക്ക് എത്തുന്നത്.
അതേസമയം, തിരുവനന്തപുരത്ത് ബി ജെ പി കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ധനമന്ത്രി നിർമല സീതാരാമനെയും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. ഓഖി ദുരന്തമുണ്ടായ വേളയില്‍ അടക്കം തലസ്ഥാനത്ത് എത്തി പ്രവർത്തനങ്ങള്‍ നടത്തിയ നിർമ്മല സീതാരാമന്‍ തമിഴ്‌നാട്ടിലെ മധുര സ്വദേശിയുമാണ്. കേരളത്തില്‍ നിന്നുള്ളവരെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുമ്മനത്തിനും കെ സുരേന്ദ്രനുമാണ് മുന്‍തൂക്കം. സി പി ഐയിലും സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. ഒരിക്കല്‍ കൂടി പന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടിയില്‍ കൂടുതല്‍ ശക്തം.












Click it and Unblock the Notifications